കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായി നിൽക്കാൻ കഴിയില്ല, ഇന്ത്യയിൽ ബ്ലാസ്റ്റേഴ്‌സ് ഒഴികെ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് ഇവാൻ

കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തി മൂന്നാമത്തെ സീസൺ പിന്നിടുമ്പോഴും ഒരു കിരീടം പോലും സ്വന്തമാക്കി നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇവാൻ വുകോമനോവിച്ചിന് കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ സീസണിൽ ടീമിനെ ഫൈനലിൽ എത്തിച്ച അദ്ദേഹത്തിനു കഴിഞ്ഞ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിൽ എത്തിക്കാനും കഴിഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് സ്ഥിരതയോടെ കളിക്കുന്നത് ഇവാൻ പരിശീലകനായതിനു ശേഷമാണെന്നതിൽ സംശയമില്ല.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ടീമും ഇവിടെയുള്ള ആരാധകരും തനിക്ക് എത്ര വലുതാണെന്ന് ഇവാൻ വുകോമനോവിച്ച് വെളിപ്പെടുത്തുകയുണ്ടായി. ഇന്ത്യയിൽ ഇനി മറ്റൊരു ടീമിനെ താൻ പരിശീലിപ്പിക്കില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. “മറ്റൊരു ടീമിനും കേരള ബ്ലാസ്റ്റേഴ്‌സും കേരളവും എനിക്ക് നൽകുന്നതിനേക്കാൾ കൂടുതൽ നൽകാൻ കഴിയില്ല. കൂടുതൽ പ്രതിഫലം മറ്റു ടീമുകളിൽ നിന്നും എനിക്ക് ലഭിച്ചേക്കാം. പക്ഷെ, ഇവിടം എനിക്ക് സ്പെഷ്യലാണ്. വിലക്ക് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ആരാധകർ നൽകിയ സ്നേഹം എന്റെ കണ്ണുകൾ നനയിച്ചു.”

“ആരാധകരോട് എനിക്കെന്നും കടപ്പാടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഈ ടീമും നൽകുന്ന വൈകാരികമായ സ്നേഹം മറ്റൊരു ക്ലബിനും നൽകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയെന്നാൽ അതിനർത്ഥം ഇന്ത്യ വിടുകയാണെന്നാണ്. മറ്റൊരു ടീമിലേക്കും ഞാൻ ചേക്കേറാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയിൽ ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സാണ്. അവരാണ് എന്റെ ഹൃദയം.” അദ്ദേഹം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം ആശാന് എത്രത്തോളം സ്പെഷ്യലാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകൾ. ഇവാനെ തങ്ങൾ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ കഴിഞ്ഞ മത്സരത്തിൽ ഉയർത്തിയ ബാനറിൽ നിന്നും വ്യക്തമാണ്. ഇനി ഇവാനിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത് ഒരു കിരീടമാണ്. ഈ സീസണിൽ അത് നൽകാൻ ആശാന് കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

You Might Also Like