ഫെഡോർ ഷെർണിച്ച് വലിയൊരു വെല്ലുവിളി നേരിടേണ്ടി വരും, മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് അപ്രതീക്ഷിതമായി ടീമിലെത്തിച്ച താരമാണ് ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ഷെർണിച്ച്. യൂറോ യോഗ്യത മത്സരങ്ങൾ അടക്കമുള്ള വമ്പൻ പോരാട്ടങ്ങളിൽ പങ്കെടുത്തിട്ടുള്ള, വളരെയധികം പരിചയസമ്പന്നനായ താരത്തിന്റെ വരവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെയധികം പ്രതീക്ഷയോടെയാണ് കാണുന്നത്.

ഇന്നു രാത്രി ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഷെർണിച്ച് അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതുന്നത്. നിരവധി താരങ്ങൾക്ക് പരിക്കേറ്റു തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന ക്ലബ്ബിനെ നന്നായി നയിക്കാൻ ഷെർണിച്ചിനു കഴിയുമെന്ന പ്രതീക്ഷ ആരാധകരുടെ ഉള്ളിൽ ഉണ്ടെങ്കിലും അക്കാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ടെന്നാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഷെർണിച്ച് മികച്ചൊരു താരമാണെന്നും ഒരുപാട് വർഷങ്ങളായി ലിത്വാനിയൻ ടീമിന്റെ നായകനായി തുടരുന്നതിൽ നിന്നും അത് മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യൂറോപ്പിൽ നിന്നും വന്ന താരങ്ങൾ ഇന്ത്യയിൽ എത്തുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന വെല്ലുവിളി ഷെർണിച്ചിന് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് അദ്ദേഹം നൽകി.

യൂറോപ്പിലെ തണുപ്പുള്ള കാലാവസ്ഥയിൽ നിന്നും ഇന്ത്യയിലെ ചൂടുള്ള കാലാവസ്ഥയിലേക്ക് വരുമ്പോഴുള്ള പ്രശ്‌നമാണ് വുകോമനോവിച്ച് ചൂണ്ടിക്കാട്ടുന്നത്. മൈനസ് പതിനഞ്ചിൽ നിന്നും പ്ലസ് മുപ്പതിലേക്ക് എത്തുമ്പോൾ താരങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. എന്നാൽ മികച്ച പ്രൊഫെഷനലായ ഷെർണിച്ചിന് അതിനു കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്.

യൂറോപ്പിൽ നിന്നുള്ള താരങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്നത് കാണുന്നതിനാൽ തന്നെ ഷെർണിച്ചിനും അതിനു കഴിയുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പെപ്ര പരിക്കേറ്റു പുറത്തു പോയതിനാൽ മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവം നേരിടുന്ന ബ്ലാസ്റ്റേഴ്‌സിൽ അത് പരിഹരിക്കാൻ ലിത്വാനിയന് താരത്തിന് കഴിയുമെന്നും ഏവരും കരുതുന്നു.

You Might Also Like