ഒടുവില്‍ കോഹ്ലിയ്‌ക്കെതിരെയും വാളെടുത്ത് ബിസിസിഐ, കടുത്ത ശിക്ഷ വിധിച്ചു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അംപയറോട് തര്‍ക്കിച്ചതിന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലിയ്ക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയൊടുക്കേണ്ടത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ തന്റെ പുറത്താവലിലുള്ള അമ്പയറുടെ തീരുമാനത്തിനെതിരെ കോഹ്ലി പ്രതിഷേധിച്ചതാണ് ശിക്ഷയ്ക്ക് കാരണം.

ഐ.പി.എല്‍. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്ക്ള്‍ 2.8-നു കീഴില്‍ വരുന്ന കുറ്റകൃത്യം നടത്തിയതിനാണ് കോലിക്ക് പിഴയിട്ടത്. സംഭവത്തില്‍ കോഹ്ലി കുറ്റം സമ്മതിച്ചതായി ഐ.പി.എല്‍. പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

കുറഞ്ഞ ഓവര്‍ നിരക്കിന് ആര്‍.സി.ബി. ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതിനു പിന്നാലെയാണ് അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് കോലിയുടെ പേരിലും പിഴശിക്ഷ ലഭിക്കുന്നത്.

കൊല്‍ക്കത്ത-ബെംഗളൂരു മത്സരത്തിനിടെ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ കോഹ്ലി പുറത്തായതാണ് വിവാദത്തില്‍ കലാശിച്ചത്. ഹര്‍ഷിത് റാണയുടെ ഹൈ ഫുള്‍ടോസ് കോഹ്ലിയുടെ ബാറ്റില്‍ത്തട്ടി ഉയര്‍ന്നത് റാണ തന്നെ ക്യാച്ചെടുത്തു. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും നോബോളാണെന്നും വാദിച്ച് കോഹ്ലി റിവ്യൂ നല്‍കി. എന്നാല്‍ തേഡ് അമ്പയറും കോഹ്ലി ഔട്ടാണെന്ന് വിധിക്കുകയായിരുന്നു.

 

സാങ്കേതികമായി കോലിയുടെ പുറത്താവലില്‍ പ്രശ്നങ്ങളില്ല. പിച്ച് ചെയ്യാതെ അരക്കെട്ടിന് മുകളില്‍ പോകുന്ന പന്ത് നോബോളായാണ് പരിഗണിക്കുക. എന്നാല്‍ ബാറ്റര്‍ ക്രീസിന് പുറത്തായിരിക്കുമ്പോള്‍ ഈ നിയമം ബാധകമാവില്ല. ഹര്‍ഷിത് റാണയുടെ ഹൈ ഫുള്‍ടോസ് പന്ത് നേരിടുമ്പോള്‍ കോഹ്ലി ക്രീസില്‍നിന്ന് കയറിയിരുന്നു. ആ സമയത്താണ് പന്ത് അരക്കെട്ടിന് മുകളിലായി വന്നത്. കോഹ്ലി ക്രീസിലായിരുന്നെങ്കില്‍ സാങ്കേതിക വിദ്യ പ്രകാരം പന്ത് കോഹ്ലിയുടെ അരക്കെട്ടിന് താഴേക്ക് വരും. കോഹ്ലിയുടെ അരക്കെട്ട് വരെയുള്ള ഉയരും 1.04 മീറ്ററാണ്. ക്രീസിലായിരുന്നെങ്കില്‍ പന്ത് 0.92 മീറ്റര്‍ ഉയരത്തിലാണ് കോഹ്ലിയുടെ അടുത്തെത്തുമായിരുന്നത്.

 

You Might Also Like