ലിവർപൂളിനെതിരെ 90 മിനുട്ടും കളിച്ചത് നീരുവന്നു ചുവന്ന കാലുമായി, വെളിപ്പെടുത്തലുമായി വാൽവെർഡെയുടെ പങ്കാളി

Image 3
Champions LeagueFeaturedFootball

ലിവർപൂളിനെതിരെ രണ്ടാം പാദത്തിൽ ഗോൾരഹിതസമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ആദ്യപാദത്തിലെ വിജയത്തിന്റെ ബലത്തിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌. ആദ്യപാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം നേടാൻ റയൽ മാഡ്രിഡിനു സാധിച്ചിരുന്നു. പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയാണ് സെമിയിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ.

രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിൻ്റെ മുന്നേറ്റത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളിലൊരാളാണ് യുവതാരമായ ഫെഡെ വാൽവെർഡെ. എന്നാൽ മത്സരം മുഴുവൻ കാലിൽ നീരും വേദനയും വെച്ചാണ് താരം കളിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് താരത്തിൻ്റെ ഭാര്യയെ മിന ബോനിന. സമൂഹമാധ്യമങ്ങളിൽ താരവുമായി നടത്തിയ വീഡിയോ കോളിൻ്റെ ചിത്രങ്ങളാണ് മിന പങ്കുവെച്ചത്.

മത്സരത്തിനു മണിക്കൂറുകൾ മുമ്പ് താരവുമായി നടത്തിയ വീഡിയോ കോളിൽ വാൽവെർഡെ തൻ്റെ നീരുവന്നു ചുവന്ന കാൽ മിനയ്ക്കു കാണിച്ചു കൊടുത്തിരുന്നു. മത്സരശേഷം ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. എത്രത്തോളം വിഷമങ്ങൾ സഹിച്ചാണ് തൻ്റെ പ്രിയതമൻ റയലിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത് വെളിപ്പെടുത്തിയതെന്നാണ് മിന വ്യക്തമാക്കിയത്.

എല്ലാ ദിവസവും താരം തന്നെ പരിമിതികൾക്കപ്പുറമുള്ള പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും ലിവർപൂളിനെതിരെയും അതുതന്നെയാണ് ചെയ്തതെന്നും മിന സോഷ്യൽ മീഡിയയിൽ കുറിച്ചു. താരത്തിൽ അഭിമാനമുണ്ടെന്നും നിന കൂട്ടിച്ചേർത്തു.