മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടം ഇല്ലാതായി, വിശ്വസിക്കാൻ കഴിയാതെ ആരാധകർ

കരിയറിൽ നാല് തവണ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ പങ്കാളിയായിട്ടുള്ള ലയണൽ മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടം അംഗീകരിക്കാതെ യുവേഫ. കഴിഞ്ഞ ദിവസം യുവേഫ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ മെസിയുടെ പേരിൽ മൂന്നു ചാമ്പ്യൻസ് ലീഗ് നേട്ടം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 2005-2006 വർഷത്തിൽ മെസി ഭാഗമായിരുന്ന ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമാണ് ഒഴിവാക്കിയത്.

2006ലെ ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ മെസി പങ്കാളിയായിരുന്നെങ്കിലും താരമപ്പോൾ ടീമിലെ പ്രധാനിയായിരുന്നില്ല. അതേസമയം 2009, 2011, 2015 വർഷങ്ങളിൽ ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ മെസി നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ 2006ൽ ആഴ്‌സനലിനെ ഫൈനലിൽ തോൽപ്പിച്ച് സ്വന്തമാക്കിയ കിരീടം മെസിയുടെ പേരിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് യുവേഫ വ്യക്തമാക്കുന്നത്.

വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 2009, 2011, 2015 എന്നീ വർഷങ്ങളിലായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടമാണ് മെസി സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്നു. അതിനു ശേഷം 2006ൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിൽ സ്ഥിരമായി കളിച്ചിരുന്നെങ്കിലും ആഴ്‌സണലിന് എതിരെയുള്ള ഫൈനലിനുള്ള സ്‌ക്വാഡിൽ താരം ഉൾപ്പെട്ടില്ലെന്നാണ് കിരീടനേട്ടത്തിൽ നിന്നും ഒഴിവാക്കാനുള്ള കാരണമായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നത്.

മെസി ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലാണ് ഇതുണ്ടാക്കിയിരിക്കുന്നത്. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിനൊപ്പമെത്താൻ മെസിക്ക് ഒരു ചാമ്പ്യൻസ് ലീഗ് കൂടി മതിയെന്നിരിക്കെയാണ് താരത്തിന്റെ ഒരു കിരീടനേട്ടം കുറഞ്ഞത്. അതേസമയം ചാമ്പ്യൻസ് ലീഗിലെ രാജാവ് റൊണാൾഡോ തന്നെയാണെന്ന് ഇത് തെളിയിച്ചുവെന്നാണ് റൊണാൾഡോ ആരാധകർ പറയുന്നത്.

You Might Also Like