ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഇന്ത്യൻ താരത്തെ പ്രീമിയർ ലീഗ് ക്ലബ് നോട്ടമിടുന്നു, സ്വന്തമാക്കുന്നതിനു പിന്നിൽ ലക്ഷ്യങ്ങളുണ്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബുകളിൽ ഒരെണ്ണത്തിൽ പോലും ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ കളിചിട്ടുണ്ടാകില്ല. എന്നാൽ സമീപഭാവിയിൽ തന്നെ അതിനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിൽ പുറത്തു വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഎസ്എല്ലിലെ മുൻനിര ക്ലബുകളിൽ ഒന്നായ എഫ്‌സി ഗോവയുടെ താരമായ ജയ് ഗുപ്‌തയാണ് ഇംഗ്ലണ്ടിൽ നിന്നുള്ള ക്ലബുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ജയ് ഗുപ്‌ത. മുൻപ് പൂനെ സിറ്റിയിൽ കളിച്ചിരുന്ന താരം അതിനു ശേഷം യൂറോപ്പിലെ ചില ക്ലബുകളിലാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ എഫ്‌സി ഗോവ സ്വന്തമാക്കിയ താരം ഈ സീസണിൽ ഐഎസ്എല്ലിൽ അരങ്ങേറ്റം നടത്തുകയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റുന്ന പ്രകടനം നടത്തുകയും ചെയ്യുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പർ ജയ് ഗുപ്‌തയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണു ക്ലബുമായി ബന്ധപ്പെട്ട വിശകലനങ്ങൾ നടത്തുന്ന ഒരു ഫുട്ബോൾ വിദഗ്ദൻ ട്വിറ്റർ പേജിലൂടെ വെളിപ്പെടുത്തുന്നത്. ഹ്യുങ് മിൻ സോണിനെ സ്വന്തമാക്കിയതിലൂടെ സൗത്ത് കൊറിയയിൽ നിന്നും ടോട്ടനത്തിനു ഒരുപാട് ആരാധകർ ഉണ്ടായതു പോലെ ഇന്ത്യയിൽ നിന്നും ആരാധകരെ സൃഷ്ടിക്കാനുള്ള ശ്രമവും അതിലുണ്ട്.

എന്നാൽ കേവലം ആരാധകരെ സൃഷ്‌ടിക്കാൻ വേണ്ടി മാത്രമുള്ള സൈനിങ്ങായല്ല ടോട്ടനം അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിൽ നിന്നും ഇതുവരെ ഉണ്ടായി വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച പ്രതിഭയാണ് ജയ് ഗുപ്തയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഉദോഗിയുടെ ബാക്കപ്പായി ടോട്ടനത്തിനു താരത്തെ ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു.

ടോട്ടനത്തിനു പുറമെ ബ്രൈട്ടനും ജയ് ഗുപ്തക്ക് വേണ്ടി രംഗത്തു വരാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും ഈ അഭ്യൂഹങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഒഡിഷ എഫ്‌സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒരു ലോകോത്തര ഗോൾ ജയ് ഗുപ്‌ത നേടിയിരുന്നു. അഭ്യൂഹങ്ങൾ യാഥാർഥ്യമായാൽ അത് ഇന്ത്യൻ ഫുട്ബോളിന് അഭിമാനിക്കാൻ വക നൽകുന്ന ഒന്നായിരിക്കും.

You Might Also Like