അംപയര്‍മാര്‍ മുംബൈയ്ക്കായി കളിച്ചു, രൂക്ഷ വിമര്‍ശനവുമായി ഓസീസ് താരം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഒന്‍പത് റണ്‍സിന്റെ നാടകീയ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 14 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും ശശാങ്ക് സിംഗിന്റേയും അശുതോഷ് ശര്‍മ്മയുടേയും മികവില്‍ പഞ്ചാബ് മത്സരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഒടുവില്‍ മുംബൈയും 192 റണ്‍സിന് മുന്നില്‍ 19.1 ഓവറില്‍ 183 റണ്‍സാണ് പഞ്ചാബ് നേടിയത്.

അതെസമയം മുംബൈ ബാറ്റിങ്ങിനിടെയിലെ അംപയറുടെ പല തീരുമാനങ്ങളും സംശയമുയര്‍ത്തുകയാണ്. തേര്‍ഡ് അംപയറുടെ തീരുമാനത്തിനെതിരേയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. കഗിസോ റബാഡയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റ് നല്‍കാത്തതാണ് ഇപ്പോള്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്ന ഒരു സംഭവം.

മുംബൈ ബാറ്റിംഗിന്റെ 16ാം ഓവറിലാണ് വിവാദ സംഭവം. ഓവറിലെ രണ്ടാം പന്തില്‍ റബാഡയുടെ സ്ലോ ബോള്‍ സൂര്യകുമാറിന്റെ പാഡില്‍ തട്ടി. ലെഗ് സൈഡിലേക്ക് സൂര്യകുമാര്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ടൈമിങ് തട്ടി പാഡില്‍ തട്ടുകയായിരുന്നു. അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവ് തീരുമാനം റിവ്യൂ ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് ലെഗ് സ്റ്റംപില്‍ കൊള്ളാതെ കടന്നുപോകുന്നതായാണ് കണ്ടത്. ഇതോടെ നോട്ടൗട്ട് വിളിക്കുകയായിരുന്നു.

എന്നാല്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ തട്ടുന്ന നിലയിലായിരുന്നു. പക്ഷെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കാനാണ് അംപയര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ തീരുമാനമാണ് വിവാദമായിരിക്കുന്നത്. മുന്‍ ഒാസ്‌ട്രേലിയന്‍ താരവും പ്രമുഖ പരിശീലകനുമായ ടോം മൂഡി തേര്‍ഡ് അംപയറുടെ തീരുമാനം ചോദ്യം ചെയ്ത് എക്സില്‍ പോസ്റ്റിട്ടു. തേര്‍ഡ് അംപയര്‍ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മൂഡി ചോദിക്കുന്നത്.

‘സ്പെഷ്യലിസ്റ്റ് തേര്‍ഡ് അംപയറെ പരിഗണിക്കേണ്ട സമയമായിരിക്കുകയാണ്. പല തീരുമാനങ്ങളും ചോദ്യമുയര്‍ത്താവുന്നതാണ്. ചില അംപയര്‍മാരെ ഫീല്‍ഡിലേക്ക് മാത്രമായി പരിഗണിക്കേണ്ടതാണ്. തേര്‍ഡ് അംപയര്‍ക്ക് അനുഭവസമ്പത്തും പ്രത്യേക കഴിവും വേണ്ടതാണ്’ എന്നാണ് മൂഡി കുറിച്ചത്.

മുംബൈക്ക് അനുകൂലമായി അംപയര്‍ തീരുമാനമെടുക്കുന്നുവെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. നിഷ്പക്ഷമായിട്ടല്ല അംപയറുടെ പല തീരുമാനങ്ങളും. വൈഡ് വിളിച്ചതിലടക്കം പല കാര്യങ്ങളും സംശയമുണ്ടാക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ മുംബൈയുടെ ടോസിലെ കൃത്രിമം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അംപയറുടെ വിവാദ തീരുമാനങ്ങള്‍. മുംബൈക്ക് അനുകൂലമായാണ് തീരുമാനങ്ങളെല്ലാം.

You Might Also Like