സൂര്യയെ റാഞ്ചാന്‍ മൂന്ന് വമ്പന്‍മാര്‍, പുറത്ത് വരുന്നത് രോഹിത്തിന്റെ നിഴലില്‍ നിന്ന്

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിന്റ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് സൂര്യകുമാര്‍ യാദവ്. രോഹിത്തിന് കീഴില്‍ സൂര്യകുമാര്‍ യാദവ് നടത്തുന്ന തകര്‍പ്പന്‍ പ്രകടനമാണ് പലപ്പോഴും മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിക്കാറ്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ സൂര്യകുമാര്‍ യാദവിന്റെ സേവനം മുംബൈയ്ക്ക് ലഭിക്കുമോയെന്ന കാര്യം ആരാധകര്‍ക്ക് ഉറപ്പില്ല.

അടുത്ത സീസണിനു മുമ്പ് മെഗാതാരലേലം നടക്കുന്നുണ്ട്. പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍ കൂടി ടൂര്‍ണമെന്റിലേക്കു വരാന്‍ പോവുന്നതിനെ തുടര്‍ന്നാണിത്. ഇതോടെ എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി നടക്കും. ചുരുക്കം ചിലരെയൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ഫ്രാഞ്ചൈസികള്‍ക്കു കൈവിടേണ്ടതായി വരും.

റൈറ്റ് ടു മാച്ച് കാര്‍ഡ് (ആര്‍ടിഎം) വഴി മൂന്നു താരങ്ങളെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ കഴിയൂ. അങ്ങനെയെങ്കില്‍ ആരെയൊക്കെ നിലനിര്‍ത്തണമെന്നത് മുംബൈയെ കുഴക്കും. സൂര്യയെ മുംബൈ കൈവിടുകയാണെങ്കില്‍ മൂന്ന ടീമുകളാകും പ്രധാനമായും സൂര്യകുമാര്‍ യാദവിന്റെ പിന്നാലെ കൂടുക.

ചെന്നൈ സൂപ്പര്‍കിംഗ്‌സാകും പ്രധാനമായും സൂര്യയെ സ്വന്തമാക്കാന്‍ മത്സര രംഗത്തുണ്ടാകുന്ന ഒരു ടീം. നിലവില്‍ സിഎസ്‌കെ ടീമിലെ പലരും വിരമിക്കലിന്റെ വക്കിലാണ്. അതുകൊണ്ടു തന്നെ അടുത്ത നാല്-അഞ്ച് വര്‍ഷം മുന്നില്‍ കണ്ട് മികച്ചൊരു യുവനിരയെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. നിലവില്‍ സിഎസ്‌കെയുടെ മധ്യനിരയിലുള്ള സുരേഷ് റെയ്ന, അമ്പാട്ടി റായുഡു എന്നിവര്‍ക്കെല്ലാം പ്രായമായിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ പ്രശ്നം മധ്യനിരയുടെ മോശം പ്രകടനമായിരുന്നു. ഇതേ തുടര്‍ന്നു ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫിലെത്താതെ അവര്‍ പുറത്താവുകയും ചെയ്തിരുന്നു. ഇത്തവണ മോയിന്‍ അലിയുടെ വരവും റെയ്നയുടെ തിരിച്ചുവരവുമെല്ലാം ഈ കുറവ് മറികടക്കാന്‍ സിഎസ്‌കെയെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ 2022ല്‍ വീണ്ടും 2021ലെ അവസ്ഥയിലേക്കു ടീം വീഴാതിരിക്കാന്‍ സൂര്യയുടെ സാന്നിധ്യം സിഎസ്‌കെയെ സഹായിക്കും.

കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്സാണ് സൂര്യയ്ക്കു വേണ്ടി വലവീശാന്‍ സാധ്യതയുള്ള മറ്റൊരു ഫ്രാഞ്ചൈസി. സ്ഥിരതയില്ലാത്ത മധ്യനിര തന്നെയാണ് പഞ്ചാബിന്റെയും തലവേദന. മികച്ച മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ അവര്‍ക്കുണ്ടെങ്കിലും മധ്യനിരയെ വിശ്വസിക്കാന്‍ കഴിയില്ല. നിക്കോളാസ് പൂരന്‍, ദീപക് ഹൂഡ, ഡേവിഡ് മലാന്‍, ക്രിസ് ഗെയ്ല്‍ എന്നിവരടക്കമുള്ളവര്‍ പഞ്ചാബിനുണ്ടെങ്കിലും ഇവരുടെ പ്രകടനം സ്ഥിരതയുള്ളതല്ല. സൂര്യയുടെ വരവ് പഞ്ചാബ് മധ്യനിരയില്‍ വലിയ മാറ്റം കൊണ്ടുവരും.

ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ എസ്ആര്‍എച്ചിന്റെ ഏറ്റവും വലിയ വീക്ക്നെസ് ദുര്‍ബലമായ മധ്യനിരയാണ്. ആശ്രയിക്കാവുന്ന ഒരു താരം പോലും അവരുടെ മധ്യനിരയില്‍ ഇല്ല. ബാറ്റിങ് ലൈനപ്പില്‍ പല അഴിച്ചുപണികളും എസ്ആര്‍എച്ച് നടത്തിയെങ്കിലും ഫലമുണ്ടായില്ല. ടീമിന്റെ മോശം പ്രകടനം കാരണം നായകന്‍ ഡേവിഡ് വാര്‍ണരും പുറത്താക്കപ്പെട്ടിരുന്നു.

അടുത്ത സീസണില്‍ എസ്ആര്‍എച്ച് ടീമിന്റെ മധ്യനിരയിലാവും ഏറ്റവുമധികം മാറ്റങ്ങളുണ്ടാവുക. സൂര്യയെപ്പോലെയൊരു മികച്ച ബാറ്റ്സ്മാനെ മധ്യനിരയില്‍ അവര്‍ തിരയുന്നുണ്ട്. അതിനാല്‍ തന്നെ മെഗാ താരലേലത്തില്‍ എന്തു വില കൊടുത്തും അദ്ദേഹത്തെ സ്വന്തമാക്കാന്‍ എസ്ആര്‍എച്ച് ശ്രമിച്ചേക്കും.

You Might Also Like