ബാറ്റിംഗും ബൗളിംഗും ചെയ്യുന്ന താരങ്ങള്‍ ടീമിലില്ല, ന്യൂനത ചൂണ്ടിക്കാട്ടി റെയ്‌ന

Image 3
CricketCricket News

ഐപിഎല്ലിലെ 15ാം സീസണിനുളള താരലേലത്തില്‍ അണ്‍സോള്‍ഡായതോടെ സുരേഷ് റെയ്‌നയുടെ ക്രിക്കറ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ച മട്ടായി. തന്റെ കരിയറിലെ 34ാം വയസ്സിലാണ് റെയ്‌ന ഒരു ടീമിലും ഇല്ലാത്ത വിധം തികച്ചും അപ്രസക്തനായത്.

എന്നാല്‍ ഇന്ത്യന്‍ ടീമിനെ കുറിച്ച് ചില നിര്‍ണ്ണായക നിരീക്ഷിണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് റെയ്‌നയിപ്പോള്‍ ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന കളിക്കാരുടെ അഭാവമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ പോരായ്മയെന്നു സുരേഷ് റെയ്‌ന പറയുന്നു. താനെല്ലാം കളിച്ചിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും അതിനാലാണ് വിവിധ ഐസിസി കിരീടങ്ങള്‍ നേടാനായതെന്നും റെയ്ന വിലയിരുത്തി.

‘ഞാന്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തുടങ്ങിയ സമയത്ത് കോച്ച് ഗ്യാനേന്ദ്ര പാണ്ഡെ പറഞ്ഞത് ഓര്‍മയുണ്ട്. നിങ്ങള്‍ ബാറ്റിംഗിനൊപ്പം ബോളിങ്ങും ചെയ്യണമെന്നു അദ്ദേഹം എല്ലായ്‌പ്പോഴും പറയുമായിരുന്നു. ഇതു അഞ്ചു ബോളര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയാണ് ടീം കളിക്കുന്നതെങ്കില്‍ ക്യാപ്റ്റനെ ആറാമത്തെയോ, ഏഴാമത്തെയോ ബോളിംഗ് ഓപ്ഷനു സഹായിക്കും. അതു മികച്ച പ്ലാനിംഗാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുമായിരുന്നു.’ റെയ്‌ന പറയുന്നു.

‘വീരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, യൂസുഫ് പത്താന്‍ എന്നിവര്‍ക്കൊപ്പം ഞാനും 2011ലെ ലോക കപ്പില്‍ ഇന്ത്യക്കു വേണ്ടി ബോള്‍ ചെയ്യുമായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയിലും അവസാനായി ടി20 ലോക കപ്പിലും നമ്മള്‍ തോറ്റപ്പോള്‍ ടീമില്‍ ആറാമത്തെ ബോളിംഗ് ഓപ്ഷന്‍ ഇല്ലായിരുന്നുവെന്നു കാണാം.’ റെയ്‌ന വിലയിരുത്തുന്നു.

‘ഇതാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ പ്രശ്‌നം. സൂര്യകുമാര്‍ യാദവിനും ബോള്‍ ചെയ്യാന്‍ കഴിയും. പരിക്കേല്‍ക്കുന്നതിനു മുമ്പ് രോഹിത്തും ബോള്‍ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആരെങ്കെിലുമൊരാള്‍ക്കു മുന്നോട്ടു വന്നേ തീരൂ. ഇപ്പോള്‍ ശ്രേയസ് അയ്യര്‍ തന്റെ ബോളിംഗില്‍ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കു മികച്ചൊരു ഓപ്ഷനായിരിക്കും ലഭിക്കുക’ റെയ്‌ന പറഞ്ഞു നിര്‍ത്തി.