അന്താരാഷ്ട്ര ക്രിക്കറ്റിലേക്കില്ല, ലോകകപ്പിലും രാജ്യത്തിനായി കളിക്കാന്‍ താല്‍പര്യമില്ലെന്ന് സൂപ്പര്‍ താരം

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ മുറവിളി ഉയരുന്നതിനിടെ വിരമിച്ച തന്റെ തീരുമാനം പിന്‍വലിക്കില്ലെന്ന് തുറന്ന് പറഞ്ഞ് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ താരം സുനില്‍ നരെയെന്‍. ഐപിഎല്ലിലടക്കം ടി20 ലീഗുകളില്‍ തകര്‍ത്തെറിയുന്ന നരെയെനെ വിന്‍ഡീസ്് ടീമിലേക്ക് തിരികെ എത്തിക്കണമെന്ന് വെസ്റ്റിന്‍ഡീസിനായി കളിക്കുന്ന സഹതാരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിലാണ് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ നരെയെന്‍ മറുപടി പറഞ്ഞത്.

‘ഞാന്‍ എടുത്ത വിരമിക്കല്‍ തീരുമാനത്തില്‍ ഞാന്‍ സമാധാനം കണ്ടെത്തുന്നുണ്ട്. ലോകകപ്പ് കളിക്കാന്‍ ഞാന്‍ ഇല്ല. ജൂണില്‍ ലോകകപ്പിന് ഇറങ്ങുന്ന ടീമിനെ ഞാന്‍ പിന്തുണയ്ക്കും. ഞാന്‍ നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ നരൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐപിഎല്ലില് ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങാന്‍ നരെയെന് കഴിയുന്നുണ്ട്. ബാറ്റിംഗില്‍ ഇതിനോടകം 286 റണ്‍സ് സ്‌കോര്‍ ചെയ്ത നരെയെന്‍ ബൗളിംഗിലും കൊല്‍്ക്കത്തയുടെ പ്രധാന താരമാണ്. ഈ സാഹചര്യത്തിലാണ് നരെയെനെ വീണ്ടും വിന്‍ഡീസ് ടീമിലേക്ക് ക്ഷണിച്ചത്്.

2012ല്‍ വെസ്റ്റിന്‍ഡീസിനെ അവരുടെ ആദ്യ ടി20 ലോകകപ്പ് നേടാന്‍ നരെയെന്‍ സഹായിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് നരെയ്ന്‍ അവസാനമായി വിന്‍ഡീസിനായി ടി20 കളിച്ചത്. പിന്നീട് മാനേജുമെന്റുമായുളള തര്‍ക്കത്തെ തുടര്‍ന്ന് ടീം വിടുകയായിരുന്നു.

You Might Also Like