ബാറ്റര്‍മാരുടെ ശവപ്പറമ്പിലും സെഞ്ച്വറിയുമായി ഞെട്ടിച്ച് സര്‍ഫറാസ്, കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ

ഇറാനി ട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രഞ്ജി ട്രോഫി ചാംപ്യന്മാരായ സൗരാഷ്ട്ര ആദ്യ ഇന്നിംഗ്സില്‍ 98ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച റെസ്റ്റ് ഓഫ് ഇന്ത്യ ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ 107 റണ്‍സിന്റെ ലീഡുണ്ട് സൗരാഷ്ട്രയ്ക്ക്.

സെഞ്ചുറി നേടി ബാറ്റിംഗ് കുടരുന്ന സര്‍ഫറാസ് ഖാന്റെ തകര്‍പ്പന്‍ പ്രകടനമാണ് റെസ്റ്റ് ഓഫ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സര്‍ഫറാസിന് കൂട്ടായി ക്യാപ്റ്റന്‍ ഹനുമ വിഹാരി (62) ക്രീസിലുണ്ട്. ഒരു ഘട്ടത്തില്‍ 18 റണ്‍സ് എടുക്കുമ്പോഴേക്കും റെസ്റ്റ് ഓഫ് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അവിടെ നിന്നാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ തിരിച്ചുവരവ്.

ഓപ്പണര്‍മാരായ അഭിമന്യൂ ഈശ്വരന്‍ (0), മായങ്ക് അഗര്‍വാള്‍ (11), യഷ് ദുള്‍ (5) എന്നിവാണ് തുടക്കത്തില്‍ മടങ്ങിയത്. എന്നാല്‍ സര്‍ഫറാസിനൊപ്പം വിഹാരിയും ഒന്നിച്ചതോടെ സ്‌കോര്‍ബോര്‍ഡില്‍ ചലനമുണ്ടായി.

ഏകദിന ശൈലിയിലാണ് സര്‍ഫറാസ് ബാറ്റ് വീശിയത്. 126 പന്തുകള്‍ മാത്രം നേരിട്ട സര്‍ഫറാസ് 19 ബൗണ്ടറിയും രണ്ട് സിക്സും നേടി. വിഹാരി 145 പന്തുകള്‍ നേരിട്ടു. ഒമ്പത് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതാണ് വിഹാരിയുടെ ഇന്നിംഗ്സ്. ഇരുവരും ഇതുവരെ 187 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. സൗരാഷ്ട്ര ക്യാപ്റ്റന്‍ ജയ്ദേവ് ഉനദ്ഖട് രണ്ട് വിക്കറ്റ് വീഴ്ത്തി. ചേതന്‍ സക്കറിയക്ക് ഒരു വിക്കറ്റുണ്ട്.

നേരത്തെ, റെസ്റ്റ് ഓഫ് ഇന്ത്യ പേസര്‍മാരുടെ മികച്ച പ്രകടനമാണ് സൗരാഷ്ട്രയെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കിയത്. മുകേഷ് കുമാര്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ക്ക് മൂന്ന് വിക്കറ്റ് വീതമുണ്ട്. ചേതേശ്വര്‍ പൂജാര (1) ഉള്‍പ്പെടെയുള്ള സൗരാഷ്ട്ര താരങ്ങള്‍ നിരാശപ്പെടുത്തി. അഞ്ച് മുന്‍നിര താരങ്ങള്‍ രണ്ടക്കം കണ്ടില്ല. പൂജാരയെ കൂടാതെ ഹര്‍വിക് ദേശായ് (0), സ്നെല്‍ പട്ടേല്‍ (4), ചിരാഗ് ജനി (0), ഷെല്‍ഡണ്‍ ജാക്സണ്‍ (2) എന്നിവരും നിരാശപ്പെടുത്തി.

ധര്‍മേന്ദ്രസിംഗ് ജഡേജയാണ് (28) സൗരാഷ്ട്രയുടെ ടോപ് സ്‌കോറര്‍. അര്‍പ്പിത് വസവദ (22) എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. പ്രേരക് മങ്കാദ് (9), ഉനദ്ഖട് (12), പാര്‍ത്ഥ് ബട്ട് (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ചേതന്‍ (13) പുറത്താവാതെ നിന്നു.

You Might Also Like