സഞ്ജു വേറെ ലെവലാണ്, ഐപിഎല്‍ കിരീടം രാജസ്ഥാന് തന്നെയെന്ന് എംപി

ഐപിഎല്ലില്‍ ഓരോ മത്സരവും ആവേശകരമായി മുന്നേറുകയാണ്. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദാരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്സ് തുടങ്ങിയവരെല്ലാം ആദ്യ പാദത്തില്‍ കരുത്തുകാട്ടിയ ടീമുകളാണ്. കളിച്ച ഏഴ് മത്സരങ്ങളില്‍ ആറിലും ജയിച്ച് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് തലയെടുപ്പോടെ ഒന്നാം സ്ഥാനത്താണ്.

ഇപ്പോഴിതാ ഇത്തവണ രാജസ്ഥാന്‍ കപ്പടിക്കുമെന്ന് വിലയിരുത്തിയിരിക്കുകയാണ് ശശി തരൂര്‍. സഞ്ജു മികച്ച നേതൃത്വ പാഠവമുള്ള താരമാണെന്നാണ് ശശി തരൂര്‍ പറയുന്നത്. ‘ഇത്തവണ രാജസ്ഥാന് വലിയ കിരീട സാധ്യതയുണ്ടെന്നാണ് തരൂര്‍ വിലയിരുത്തുന്നത്.

‘ഒരു ടീമിനോട് എനിക്ക് പ്രത്യേക താല്‍പര്യമുണ്ട്. അത് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. 14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം. അന്നവന്‍ ക്ലബ്ബ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. അവന്റെ കരിയറില്‍ എല്ലാ സമയത്തും ഞാന്‍ പിന്തുണ നല്‍കിയിട്ടുണ്ട്’ ശശി തരൂര്‍ പറഞ്ഞു.

‘ഒരു സമയത്ത് അവന് സ്‌കൂളില്‍ ഹാജറില്ലാത്തതിനാല്‍ പരീക്ഷ എഴുതിപ്പിക്കാന്‍ വരെ ഞാന്‍ ഇടപെട്ടിട്ടുണ്ട്. അവനോടൊപ്പമാണ് ഞാന്‍. അവന്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന രീതി വളരെ സന്തോഷം നല്‍കുന്നതാണ്. ഈ സീസണില്‍ കിരീടത്തിലേക്കെത്താനുള്ള എല്ലാ സാധ്യതയും രാജസ്ഥാനുണ്ട്. ഒത്തിണക്കത്തോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സഞ്ജുവിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ഇത്തവണ കിരീടം നേടുമെന്നാണ് വിശ്വസിക്കുന്നത്’ ശശി തരൂര്‍ പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജുവാണ്. എന്നാല്‍ വരുന്ന മത്സരങ്ങളിലും സഞ്ജു ഇതേ പ്രകടനം തുടരേണ്ടതായുണ്ട്.

You Might Also Like