സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അതിശയിപ്പിക്കുന്നു, അടുത്ത ഏഴ് വര്‍ഷം അയാളുടെ കാലം, വമ്പന്‍ പ്രവചനവുമായി എബിഡി

ഐപിഎല്ലില്‍ വിജയക്കുതിപ്പ് നടത്തുന്ന രാജസ്ഥാന്‍ റോയല്‍സ്് നായകന്‍ സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സ്. സ്വന്തം യൂട്യൂബ് ചാനലില്‍ ഐപിഎല്ലിലെ ഈ സീസണിലെ മല്‍സരങ്ങളെക്കുറിച്ചു വിശകലനം നടത്തവെയാണ് രാജസ്ഥാന്‍ റോയല്‍സിനെയും നായകന്‍ സഞ്ജുവിനെയും എബിഡി പ്രശംസിച്ചത്.

ഐപിഎല്ലില്‍ ഇനി വരാനിരിക്കുന്നത് റോയല്‍സിന്റെ കാലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റോയല്‍സ് ടീമിനോടൊപ്പം 10 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സഞ്ജുവിനെ അഭിനന്ദിച്ചിരിക്കുകയാണ് എബിഡി.

‘സഞ്ജുവിനു ഇപ്പോള്‍ 29 വയസ്സ് മാത്രമേ ആയിട്ടുള്ളൂ. ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി അദ്ദേഹത്തിനു ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ സാധിക്കും. ഈ സീസണില്‍ ഐപിഎല്‍ കിരീടം നേടാന്‍ സാധിക്കുകയാണെങ്കില്‍ അതു റോയല്‍സ് ടീമിനു നല്‍കുന്ന ഊര്‍ജം വളരെ വലുതായിരിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ അതു റോയല്‍സിനു വലിയ ആത്മവിശ്വാസമായിരിക്കും നല്‍കുകയെന്നും എബിഡി ചൂണ്ടിക്കാട്ടി.

ഒരു ടീമെന്ന നിലയില്‍ മികച്ച കളിക്കാരുടെ ശക്തമായ അടിത്തറ പടുത്തുയര്‍ത്താന്‍ റോയല്‍സിനു സാധിച്ചിട്ടുണ്ട്. സഞ്ജു സാംസണെന്ന കരുത്തനായ ക്യാപ്റ്റന്‍ തലപ്പത്ത് നില്‍ക്കുകയും ചെയ്യുന്നു. ഇത്തവണ ചാംപ്യന്‍മാരായാല്‍ അതു അവര്‍ക്കു വളരെയധികം ഗുണം ചെയ്യും. അടുത്ത ആറ്- ഏഴ് വര്‍ഷത്തേക്കു ഐപിഎല്ലില്‍ ആധിപത്യം പുലര്‍ത്താനും ഇതു അവരെ സഹായിക്കും. ഇതേ രീതിയില്‍ തന്നെ തുടര്‍ന്നും കളിക്കുകയാണെങ്കില്‍ റോയല്‍സിനു ഇതു സാധിക്കമെന്ന കാര്യമുറപ്പാണെന്നും എബിഡി വിലയിരുത്തി.

‘സഞ്ജു സാംസണ്‍ ശരിക്കും അതിശയിപ്പിക്കുന്ന കളിക്കാരനാണ്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തോടു എനിക്കു ഒരുപാട് മതിപ്പ് തോന്നിയിട്ടുണ്ട്. വളരെയധികം ശാന്തപ്രകൃതമുള്ള അദ്ദേഹത്തിനു ടീമിനെ ഒറ്റക്കെട്ടായി മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാനും സാധിക്കുന്നു. പരിചയസമ്പന്നരായ നിരവധി കളിക്കാരും ടീമില്‍ സഞ്ജുവിന്റെ കൂടെയുണ്ട്. ജോസ് ബട്ലര്‍, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയ അനുഭവസമ്പത്തുള്ള പലരെയും അദ്ദേഹത്തിനു ടീമില്‍ ലഭിച്ചിട്ടുണ്ട്. വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന ദുഷ്‌കരമായ സാഹചര്യങ്ങളില്‍ വളരെ കൂളായി തുടരാന്‍ സഞ്ജുവിനു സാധിക്കുന്നുവെന്നതാണ് ഞാന്‍ അദ്ദേഹത്തില്‍ ഇഷ്ടപ്പെടുന്ന കാര്യം. മാത്രമല്ല തനിക്കു ചുറ്റുമുള്ള സീനിയര്‍ കളിക്കാരുടെ ഉപദേശം സ്വീകരിക്കാന്‍ അദ്ദേഹം ഭയപ്പെടുകയും ചെയ്യുന്നില്ലെന്നും എബിഡി വിലയിരുത്തി.

മുഖ്യ ഉപദേശകനും കോച്ചുമായി കുമാര്‍ സങ്കക്കാര കൂടെയുള്ളത് രാജസ്ഥാന്‍ റോയല്‍സിനു വലിയ മുതല്‍ക്കൂട്ടായി മാറിയിട്ടുണ്ട്. ഒരു ടീമെന്ന നിലയില്‍ റോയല്‍സ് അവരുടെ ബ്ലൂപ്രിന്റ് കണ്ടെത്തിക്കഴിഞ്ഞു. ഈ വാക്കാണ് അവര്‍ക്കു ഇപ്പോള്‍ ഏറ്റവുമധികം യോജിച്ചതെന്നു ഞാന്‍ കരുതുന്നു. റോയസല്‍സ് അവരുടെ ബ്ലൂപ്രിന്റ് കണ്ടെത്തിയിരിക്കുകയാണ്. ഇതേ ആത്മവിശ്വാസത്തോടു കൂടി തന്നെ മുന്നോട്ടുപോവാന്‍ അവര്‍ക്കു സാധിക്കുകയാണെങ്കില്‍ ഇതു റോയല്‍സിനെ സംബന്ധിച്ച് വളരെ മികച്ചൊരു ടൂര്‍ണമെന്റായിരിക്കുമെന്നും എബിഡി കൂട്ടിച്ചേര്‍ത്തു

 

You Might Also Like