ഇന്ത്യയില്‍ ഏറ്റവും തഴയപ്പെട്ട ഫുട്‌ബോളറായിരുന്നു ഞാന്‍, വെളിപ്പെടുത്തലുമായി ജിങ്കന്‍

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരുകാലത്ത് ഏറ്റവും തഴയപ്പട്ട ഫുട്‌ബോള്‍ താരമായിരുന്നു താനെന്ന് സന്ദേഷ് ജിങ്കന്‍. ഫിഫ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴായിരുന്നു ജിങ്കന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

കരിയറിന്റെ ആരംഭ ഘട്ടത്തിലാണ് ജിങ്കന്‍ കൈപ്പേറിയ അനുഭവങ്ങളുണ്ടായത്. കൊല്‍ക്കത്തയിലെ നിരവധി സെക്കന്റ് ഡിവിഷന്‍ ക്ലബ്ബുകളും തേര്‍ഡ് ഡിവിഷന്‍ ക്ലബ്ബുകളുമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരത്തെ മടക്കി അയച്ചത്.

”എന്റെ കരിയറിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു അത്. പിന്നീട് ഞാന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി നിരന്തരം തിരയുകയും നിരവധി ക്ലബ്ബുകളുടെ ട്രയല്‍സില്‍ പങ്കെടുക്കുകയും ചെയ്തു, അവയില്‍ സെക്കന്‍ഡ്, തേര്‍ഡ് ഡിവിഷന്‍ ക്ലബ്ബുകളും ഉണ്ടായിരുന്നു. പക്ഷെ എല്ലാവരും എന്നെ തഴഞ്ഞു,” ജിങ്കന്‍ വെളിപ്പെടുത്തി.

പിന്നെയാണ് താരത്തെ യുണൈറ്റഡ് സിക്കിം ഫുട്ബോള്‍ ക്ലബ്ബ് തിരഞ്ഞെടുത്തത്. ”അതെനിക്കൊരു സ്വപ്നസാക്ഷാത്കരമായിരുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് കൊല്‍ക്കത്തയിലെ നിരവധി ക്ലബ്ബുകള്‍ തഴയുക, പിന്നീട് കുറച്ചു മാസങ്ങള്‍ക്കിപ്പുറം ബൈചുങ് ബായിക്കും റെനഡി ബായിക്കുമൊപ്പം തമാശ പറയാന്‍ സാധിക്കുക എന്നത് അവിശ്വസനീയമായിരുന്നു’ താരം പറഞ്ഞു.

നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട സന്ദേഷ് ജിങ്കന്‍ വിദേശത്തേക്ക് ട്രയലിന് പോകാനുളള തയ്യാറെടുപ്പിലാണ്. മൂന്നോളം രാജ്യങ്ങളില്‍ നിന്ന് ജിങ്കന് നിലവില്‍ ഓഫറുകള്‍ വന്നിട്ടുണ്ട്.