ജിങ്കന്റെ അടുത്ത നീക്കമറിയാന്‍ ആകാംക്ഷയുണ്ടെന്ന് ഷറ്റോരി, ജിങ്കന്റെ പ്രതികരണം

Image 3
FootballISL

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ സീസണ്‍ രണ്ട് നഷ്ടങ്ങളുടേത് കൂടിയാണ്. ആരാധകരുടെ പ്രിയ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി സ്ഥാനമൊഴിഞ്ഞതായിരുന്നു ആദ്യ തിരിച്ചടി. പിന്നാലെ ഐഎസ്എല്‍ ഇതിഹാസം കൂടിയായി മാറിയ സന്ദേഷ് ജിങ്കനും കളം വിട്ടത് ആരാധകരെ നിരാശയിലാഴ്ത്തി.

എന്നാല്‍ പുതിയ പരിശീലകനായി കിബു വികൂനയെത്തിയതോടെ ആരാധകരുടെ നിരാശ ഒരു പരിധി വരെ കുറക്കാനായിട്ടുണ്ട്. പുതിയ സീസണില്‍ ബ്ലാസറ്റേഴ്‌സ് എങ്ങനെ മുന്നേറും എന്നറിയാനുളള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

ഇതിനിനിടെ കഴിഞ്ഞ ദിവസം പഴയ പരിശീലകന്‍ എല്‍ക്കോ ഷറ്റോരിയും സന്ദേഷ് ജിങ്കനും തമ്മില്‍ ഒരു ട്വിറ്റര്‍ സംഭാഷണം നടന്നു. പരിശീലനം നടത്തുന്നതിന്റെ വീഡിയോ ജിങ്കന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് ആശംസകളുമായി ഷറ്റോറിയെത്തുകയായിരുന്നു.

ജിങ്കന്റെ അടുത്ത വെല്ലുവിളി എവിടെയാണെന്ന് അറിയാന്‍ ആകാംക്ഷയുണ്ടെന്നും, അതിനായി എല്ലാ വിധ ആശംസകള്‍ അറിയിക്കുന്നതായുമാണ് ഷറ്റോറി ട്വീറ്റ് ചെയ്തത്.

ഇതോടെ നന്ദിപറഞ്ഞ് മറുപടിയുമായി ജിങ്കനുമെത്തി. ഷട്ടോറിയുടേയും പുതിയ വെല്ലുവിളി അറിയാന്‍ ആകാംക്ഷയുണ്ടെന്ന് ജിങ്കനും കൂട്ടിചേര്‍ത്തു. ഷറ്റോരിക്ക് എല്ലാവിധ ആശംസകളും നേരാനും ഷറ്റോരി മറന്നില്ല.