എല്ലാം നൽകിയ കേരള ബ്ലാസ്റ്റേഴ്‌സിനെ തള്ളിപ്പറഞ്ഞ നിമിഷം, ഒടുവിൽ ക്ഷമാപണവുമായി സന്ദേശ് ജിങ്കൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രിയപ്പെട്ട താരമായിരുന്നു സന്ദേശ് ജിങ്കൻ. ക്ലബ് രൂപീകരിച്ചത് മുതൽ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തിന്റെ വളർച്ചക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പങ്കു വഹിച്ചിരുന്നു. ടീമിനായി കളിക്കളത്തിൽ നന്നായി അധ്വാനിക്കുന്ന താരം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതായതിനാൽ തന്നെ ജിങ്കൻ ക്ലബ് വിട്ടപ്പോൾ ജേഴ്‌സി റിട്ടയർ ചെയ്‌താണ്‌ ബ്ലാസ്റ്റേഴ്‌സ് ആദരവ് പ്രകടിപ്പിച്ചത്.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് തന്നോടുള്ള സ്നേഹം ജിങ്കൻ അതുപോലെ തിരിച്ചു നൽകിയില്ല. മോഹൻ ബഗാനു വേണ്ടി കളിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് ശേഷം വനിതാ ടീമിനെതിരെ കളിച്ചതു പോലെയാണ് തോന്നിയതെന്നു പറഞ്ഞ് കൊച്ചാക്കാൻ നോക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ജിങ്കനെതിരെ തിരിഞ്ഞു. വർഷങ്ങൾക്ക് ശേഷം അതിൽ ക്ഷമാപണം നടത്തി താരം രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുമ്പോഴാണ് ജിങ്കൻ തന്റെ തെറ്റിന് ക്ഷമാപണം നടത്തിയത്. ഓരോ തവണ മൈതാനത്ത് വരുമ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയ സ്നേഹം വളരെ വലുതായിരുന്നുവെന്നും താനും തന്റെ അമ്മയും കേരളത്തെ വളരെ ഇഷ്‌ടപ്പെടുന്നുവെന്നും താരം പറഞ്ഞു. തന്റെ വാക്കുകൾ തെറ്റായിരുന്നുവെന്നും മാനുഷികസഹജമായ ഒരു പിഴവാണ് ഉണ്ടായതെന്നും താരം അതിനൊപ്പം കൂട്ടിച്ചേർത്തു.

സന്ദേശ് ജിങ്കന്റെ വാക്കുകൾ വിവാദമായതിനു ശേഷം റിട്ടയർ ചെയ്‌ത താരത്തിന്റെ ജേഴ്‌സി ബ്ലാസ്റ്റേഴ്‌സ് തിരിച്ചു കൊണ്ടു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം മോഹൻ ബഗാൻ, ഒരു ക്രൊയേഷ്യൻ ക്ലബ്, ബെംഗളൂരു എഫ്‌സി എന്നിവക്ക് വേണ്ടി കളിച്ച ജിങ്കൻ ഇപ്പോൾ എഫ്‌സി ഗോവയുടെ താരമാണ്. നിലവിൽ ഇന്ത്യൻ ടീമിനൊപ്പം ഏഷ്യൻ കപ്പിനായി തയ്യാറെടുക്കുകയാണ് താരം.

You Might Also Like