രോഹിത്തിനെ നായകനാക്കണമെന്ന് ഇന്ത്യന്‍ താരം, അല്ലെങ്കില്‍ നഷ്ടം ടീം ഇന്ത്യയ്ക്ക്

സൂപ്പര്‍ താരം രോഹിത് ശര്‍മ്മയെ ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ടീമുകളുടെ നായകന്‍ ആക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. രോഹിത്തിനെ ഇന്ത്യയുടെ നായനാക്കിയില്ലെങ്കില്‍ നഷ്ടം ഇന്ത്യക്ക് തന്നെയായിരിക്കുമെന്നും ഗൗതം ഗംഭീര്‍ വിലയിരുത്തുന്നു.

മുന്‍ ഇംഗ്ലണ്ട് ടീം നായകന്‍ മൈക്കല്‍ വോണും രോഹിതിന്റെ ടി-20 ക്യാപ്റ്റന്‍ ആക്കണമെന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തി. രോഹിതിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സ് അഞ്ചാം ഐപിഎല്‍ കിരീടം നേടിയതിനു പിന്നാലെയാണ് ഇവരുടെ അഭിപ്രായ പ്രകടനം.

‘രോഹിത് ഇന്ത്യയുടെ ക്യാപ്റ്റന്‍ ആയില്ലെങ്കില്‍ അത് ഇന്ത്യയുടെ നഷ്ടമാണ്, രോഹിത്തിന്റേതല്ല. ടീം നല്ലതാവണം എന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ നല്ല ക്യാപ്റ്റന്‍, മോശം ക്യാപ്റ്റന്‍ എന്ന് അളക്കുന്നതിനുള്ള അളവ് കോല്‍ എന്താണ്? ഇതില്‍ എല്ലാവര്‍ക്കും ഒരേ അളവുകോലാവണം. രോഹിത് അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്കാണ് തന്റെ ടീമിനെ നയിച്ചത്”- ഗൗതം ഗംഭീര്‍ പറഞ്ഞു.

”ധോണി ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാവുന്നത് രണ്ട് ലോകകപ്പും മൂന്ന് ഐപിഎല്‍ കിരീടവും നേടിയതിനാലാണ്. അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ രോഹിതാണ് ഐപിഎലിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍. അതുകൊണ്ട് തന്നെ രോഹിത് ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനോ ടി-20 ക്യാപ്റ്റനോ എങ്കിലും ആയില്ലെങ്കില്‍ നഷ്ടം ഇന്ത്യക്ക് തന്നെയാണ്. കോഹ്ലി മോശം ക്യാപ്റ്റന്‍ ആയതുകൊണ്ടല്ല. ലിമിറ്റഡ് ഓവറില്‍ രോഹിത് എത്ര മികച്ച ക്യാപ്റ്റനാണെന്ന് അയാള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. സ്പ്ലിറ്റ് ക്യാപ്റ്റന്‍സിയും ഇന്ത്യക്ക് പരിഗണിക്കാം.’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

രോഹിത് ടി-20 ക്യാപ്റ്റനായാല്‍ അത് കോഹ്ലിയെ സഹായിക്കുമെന്നായിരുന്നു മൈക്കല്‍ വോണിന്റെ അഭിപ്രായം. ടി-20 എങ്ങനെ ജയിക്കണമെന്ന് രോഹിതിന് അറിയാമെന്നും ഇന്ത്യയെ ടി-20കളില്‍ രോഹിത് നയിക്കണമെന്നതില്‍ സംശയങ്ങള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You Might Also Like