പാകിസ്ഥാന്‍ മികച്ച ടീം, ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരമ്പര വേണം, ആവശ്യവുമായി രോഹിത്ത് ശര്‍മ്മ

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ടെസ്റ്റ് ഉള്‍പ്പെടെ ക്രിക്കറ്റ് പരമ്പരകള്‍ വേണമെന്ന് ആവശ്യവുമായി ഇന്ത്യന്‍ ക്രിക്കറ്റ് രോഹിത്ത് ശര്‍മ്മ. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണും ഓസ്‌ട്രേലിയന്‍ ഇതിഹാസ കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റുമായി തമ്മില്‍ നടത്തിയ സംഭാഷണത്തിലാണ് രോഹിത് ശര്‍മ്മ ഇക്കാര്യം തുറന്ന് പറഞ്ഞത്.

‘പാകിസ്താന്‍ ഒരു മികച്ച ടീമാണ്. ശക്തമായ ഒരു ബൗളിംഗ് നിര പാക് ടീമിനുണ്ട്. ഇന്ത്യയിലും പാകിസ്താനിലുമായി ക്രിക്കറ്റ് പരമ്പരകള്‍ നടത്തണം’ രോഹിത് ശര്‍മ്മ ആവശ്യപ്പെട്ടു.

താന്‍ കരുതുന്നത് 2006ലും 2007ലുമാണ് അവസാനം ഇന്ത്യ പാകിസ്താന്‍ പരമ്പര നടന്നത്. 2007ല്‍ കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ വസിം ജാഫര്‍ ഇരട്ട സെഞ്ച്വറി നേടിയതായി താന്‍ ഓര്‍ക്കുന്നു. ആ പരമ്പര ഇന്ത്യ 1-0ത്തിന് വിജയിച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുന്നത് മികച്ച അനുഭവമാകും. അത്തരം മത്സരങ്ങള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

‘ക്രിക്കറ്റ് ബാറ്റുകൊണ്ടും പന്തുകൊണ്ടും കളിക്കുന്ന വിനോദമാണ്. മറ്റൊന്നും അതില്‍ മാനദണ്ഡമല്ല. ഐസിസി ടൂര്‍ണമെന്റില്‍ എന്ത് വിലകൊടുത്തും ഇന്ത്യ പാകിസ്താന്‍ മത്സരങ്ങള്‍ നടത്തും. എന്നാല്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ ക്രിക്കറ്റ് പരമ്പരകള്‍ നടക്കാത്തത് ദൗര്‍ഭാഗ്യകരമാണ്’ രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ടി20 ലോകകപ്പിന് ഇന്ത്യ ഒരുങ്ങുകയാണ്. ഐപിഎല്‍ കഴിഞ്ഞാല്‍ ആറ് ദിവസം കഴിഞ്ഞാല്‍ ലോകകപ്പിന് തുടക്കമാകും.

You Might Also Like