എന്റെ ടീമില്‍ പന്ത് വേണം, കാരണം പറഞ്ഞ് രോഹിത്ത് ശര്‍മ്മ

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം സെലക്ഷനാണല്ലോ ഇപ്പോള്‍ ചൂടുളള ചര്‍ച്ച. ഐപിഎല്ലിന് ശേഷം ആറ് ദിവസത്തിനകം ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 15 അംഗ ടീമില്‍ ആരെല്ലാം ഉള്‍പ്പെടും എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കര്‌റ് ലോകം. ഇതിനിടെ ചില രസകരമായ നിരീക്ഷണങ്ങള്‍ നടത്തുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ.

മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍ എന്നിവരുമായി നടത്തിയ ഒരു ചര്‍ച്ചയിലാണ് രോഹിത്ത് ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്.

മൈക്കിള്‍ വോണ്‍ ആണ് ഒരു രസകരമായ ഒരു ചോദ്യം ഇന്ത്യന്‍ നായകനോട് ചോദിച്ചത്. ഇന്ത്യന്‍ ടീമിനെ രസിപ്പിക്കാന്‍ താങ്കള്‍ ഏത് താരത്തെ ടീമിലെടുക്കുമെന്നായിരുന്നു മൈക്കല്‍ വോണിന്റെ ചോദ്യം. എന്റര്‍ടൈന്‍മെന്റ് ആണ് ലക്ഷ്യമെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക റിഷഭ് പന്തിനെയായിരിക്കുമെന്നാണ് രോഹിത്ത് തുറന്ന് പറഞ്ഞത്. അതിനുളള കാരണവും രോഹിത്ത് വ്യക്തമാക്കി.

എല്ലാ താരങ്ങള്‍ക്കും തമാശകള്‍ പറയാനും രസിപ്പിക്കാനും സാധിക്കും. എന്നാല്‍ തന്നെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരം റിഷഭ് പന്താണ്. ചെറുപ്പം മുതല്‍ താന്‍ കാണുന്ന താരമാണ് റിഷഭ് പന്ത്. ഒന്നര വര്‍ഷമായി പന്ത് കളത്തില്‍ ഇല്ലാത്തത് തന്നെ ഏറെ വിഷമിപ്പിച്ചു. സ്റ്റമ്പിന് പിന്നിലെ പന്തിന്റെ വാക്കുകള്‍ തന്നെ ഏറെ ചിരിപ്പിക്കും. ഈ കാരണത്താല്‍ തന്നെ പന്തിനെ തനിക്ക് ഏറെ ഇഷ്ടമെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പിനു തുടക്കമാകുന്നത്. അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായാണ് പോരാട്ടം അരങ്ങേറുന്നത്. ഈ മാസം അവസാന ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കും.

നിലവില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായായണ് രോഹിത്ത് ശര്‍മ്മ കളിക്കുന്നത്. റിഷഭ് പന്താകട്ടെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനാണ്.

 

You Might Also Like