കളിയിലെ താരമായത് റിഷഭ് പന്ത്, ബിസിസിഐയുടെ കളിയെന്ന് ആരോപണം

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അനായാസം തോല്‍പിക്കാന്‍ റിഷഭ് പന്ത് നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന് കഴിഞ്ഞിരുന്നല്ലോ. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കേവലം 89 റണ്‍സിനാണ് തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 67 പന്ത് ബാക്കി നില്‍ക്കെ ആറ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ്. ഡല്‍ഹിയ്ക്കായി ബാറ്റ് കൊണ്ട് കാര്യമായി ഒന്നും അവസരം ഉണ്ടായിരുന്നില്ലെങ്കിലും വിക്കറ്റിന് പിന്നില്‍ നടത്തിയ മികച്ച പ്രകടനമാണ് റിഷഭ് പന്തിനെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

മത്സരത്തില്‍ രണ്ട് ക്യാച്ചും രണ്ട് സ്റ്റംമ്പിംഗുമാണ് പന്ത് നടത്തിയത്. ബാറ്റ് ചെയ്തപ്പോള്‍ 11 പന്തില്‍ ഒരു സിക്‌സും ഫോറും സഹിതം പുറത്താകാതെ 16 റണ്‍സെടുക്കാനും റിഷഭ് പന്തിനായി.

അതെസമയം പന്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നല്‍കിയതിനെതിരെ ഒരു വിഭാഗം ആരാധകര്‍ രംഗത്തെത്തി. 2.3 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുന്ന ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാറിനോ ഡേവിഡ് മില്ലറിന്റേയോ ശുഭ്മാന്‍ ഗില്ലിന്റേയോ വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മ്മയോ ആണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം അര്‍ഹിച്ചതെന്നാണ് ഇവരുടെ വാദം. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വഴങ്ങി ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

ഐപിഎല്ലിന് ശേഷം നടക്കുന്ന ടി20 ലോകകപ്പില്‍ പന്തിനെ പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരന സമര്‍പ്പണമെന്നും ഇവര്‍ വാദിക്കുന്നു. ഏതായാലും ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.

You Might Also Like