ഈ ദുരവസ്ഥയിൽ നിന്നൊരു മോചനമുണ്ടാകില്ലേ, വീണ്ടും റഫറിയുടെ ചതിയിൽ വീണ് ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാർക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിട്ടുള്ള ക്ലബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണിൽ അതിന്റെ ഏറ്റവും കൂടിയ രൂപം നമ്മൾ കണ്ടു. ബെംഗളൂരുവിനെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ റഫറി വരുത്തിയ വലിയ പിഴവിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സിന് ഗോൾ വഴങ്ങേണ്ടി വന്നപ്പോൾ പ്രത്യാഘാതങ്ങൾ എന്താകുമെന്ന് ചിന്തിക്കാതെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടത്. നാല് കോടി രൂപ പിഴശിക്ഷയായി ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ റഫറിമാർക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഈ സീസണിൽ റഫറിമാരുടെ നിലവാരം വർധിപ്പിക്കുമെന്നും വാർ ലൈറ്റ് അടക്കമുള്ള സാങ്കേതിക വിദ്യകൾ കൊണ്ടു വരുമെന്നും എഐഎഫ്എഫ് പറഞ്ഞിരുന്നെങ്കിലും സീസൺ തുടങ്ങിയപ്പോൾ ഒന്നുമില്ലാത്ത അവസ്ഥയാണ്. ഫലമോ, റഫറിമാരുടെ മോശം തീരുമാനങ്ങൾ ടീമിന് തിരിച്ചടി നൽകുന്നത് തുടരുന്നു. ഇന്നലെ ബ്ലാസ്റ്റേഴ്‌സും നോർത്ത്ഈസ്റ്റും തമ്മിൽ നടന്ന മത്സരത്തിലും ഇത് കാണുകയുണ്ടായി.

മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും അതിനു ആദ്യപകുതിയിൽ തന്നെ മറുപടി നൽകാൻ ബ്ലാസ്റ്റേഴ്‌സിന് അവസരമുണ്ടായിരുന്നു. പെപ്രയെ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് പ്രതിരോധതാരം ബോക്‌സിൽ വീഴ്ത്തിയത് നൂറു ശതമാനം പെനാൽറ്റിയാണെന്ന് വ്യക്തമായിരുന്നു. എന്നാൽ തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്ന റഫറിക്ക് അക്കാര്യത്തിൽ പൂർണമായും പിഴവ് സംഭവിച്ചപ്പോൾ മത്സരത്തിൽ തിരിച്ചുവരാനുള്ള സാധ്യതകളാണ് ഇല്ലാതായത്.

പന്ത്രണ്ടാം മിനുട്ടിൽ നേടിയ ഗോൾ മാറ്റി നിർത്തിയാൽ മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് യാതൊരു തരത്തിലുള്ള ചലനവും ഉണ്ടാക്കിയില്ല. അതിനാൽ തന്നെ പെനാൽറ്റി അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നെടുമായിരുന്നു എന്ന കാര്യത്തിലും യാതൊരു സംശയവുമില്ല. എന്നാൽ ഓരോ മത്സരം കഴിയുമ്പോൾ കൂടുതൽ മെച്ചപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട റഫറിമാർക്ക് വീണ്ടും വീണ്ടും പിഴവുകൾ സംഭവിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുന്നത് വിലപ്പെട്ട പോയിന്റുകളാണ്.

You Might Also Like