മാഞ്ചസ്റ്റർ സിറ്റിയൊക്കെ നിസാരം, ആദ്യപാദം കഴിഞ്ഞപ്പോൾ റയലിന് ആത്മവിശ്വാസം

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദം കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിന് ആത്മവിശ്വാസം വർധിച്ചുവെന്നും രണ്ടാംപാദത്തിൽ വിജയിക്കാമെന്ന ഉറച്ച തോന്നലുണ്ടെന്നും റിപ്പോർട്ടുകൾ. റയൽ മാഡ്രിഡിന്റെ മൈതാനത്തു നടന്ന ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. അടുത്ത മത്സരം എത്തിഹാദിൽ നടക്കാനിരിക്കെയാണ്‌ റയൽ മാഡ്രിഡ് പൂർണമായ ആത്മവിശ്വാസം നേടിയിരിക്കുന്നത്.

റയൽ മാഡ്രിഡ് ഡ്രസിങ് റൂമിലെ ഓരോ താരങ്ങളും വിശ്വസിക്കുന്നത് മാഞ്ചസ്റ്റർ സിറ്റിയെ മറികടക്കാൻ തങ്ങൾക്ക് കഴിയുമെന്നു തന്നെയാണ്. കളിയിലും തന്ത്രത്തിലും കായികപരമായ ആധിപത്യത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് തങ്ങളെ മറികടക്കാൻ കഴിഞ്ഞില്ലെന്നാണ് റയൽ മാഡ്രിഡ് സ്‌ക്വാഡിലെ താരങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത പാദത്തിൽ കൂടുതൽ നന്നായി കളിച്ചാൽ ഫൈനൽ കളിക്കാമെന്ന പ്രതീക്ഷ റയലിനുണ്ട്.

റയൽ മാഡ്രിഡ് താരങ്ങളുടെ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്ക് വലിയ ഭീഷണി തന്നെയാണ്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ റയൽ മാഡ്രിഡിനോട് തോൽവി വഴങ്ങിയാണ് പുറത്തു പോയത്. വിജയം നേടുമെന്ന് ഉറപ്പിച്ചിരുന്ന സമയത്ത് അസാമാന്യ തിരിച്ചുവരവ് നടത്തി റയൽ മാഡ്രിഡ് ഫൈനലിലേക്ക് മുന്നേറുകയും ലിവർപൂളിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കുകയും ചെയ്‌തു.

മറ്റൊരു കാര്യത്തിൽ കൂടി റയൽ മാഡ്രിഡിന് മുൻതൂക്കമുണ്ട്. ലീഗ് കിരീടം നഷ്‌ടമായ അവർക്ക് അടുത്ത ലീഗ് മത്സരത്തിൽ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ചാമ്പ്യൻസ് ലീഗിൽ അവരെ മികച്ച രീതിയിൽ ഉപയോഗിക്കാം. എന്നാൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിനു വേണ്ടിയും ഇഞ്ചോടിഞ്ച് പോരാടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ടീമിലെ താരങ്ങൾക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും അവർക്ക് കഴിയില്ല.

You Might Also Like