ചാമ്പ്യൻസ് ലീഗിൽ റെക്കോർഡിട്ട് ലൈപ്സിഗ് പരിശീലകൻ, ചരിത്രമുന്നേറ്റവുമായി ജർമൻ ക്ലബ്ബ്

ചാമ്പ്യൻസ്‌ലീഗിൽ വർഷങ്ങൾ പരിചയമുള്ള സിമിയോണിയുടെ അത്ലറ്റികോ മാഡ്രിഡിനെ 2009ൽ സ്ഥാപിതമായ ജർമൻ ക്ലബ്ബായ ആർബി ലൈപ്സിഗ് കീഴടക്കുമെന്ന് ഫുട്ബോൾ ആരാധകർ ഒരിക്കലും വിചാരിച്ചുകാണില്ല. അവരുടെ സൂപ്പർതാരമായ ടിമോ വെർണരുടെ അഭാവത്തിൽ പോലും ഒരു യുവപരിശീലകന്റെ കീഴിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണു ലൈപ്സിഗ്.

ലൈപ്സിഗിനെ സെമി ഫൈനലിൽ എത്തിച്ച ജൂലിയൻ നേഗൽസ്മാന്റെ പ്രായം വെറും മുപ്പത്തിമൂന്ന് വയസ്സും ഇരുപത്തിയൊന്ന് ദിവസവുമാണ്. എന്നുവെച്ചാൽ മെസ്സിയെക്കാളും ക്രിസ്ത്യാനോയെക്കാളും പ്രായം കുറഞ്ഞ പരിശീലകൻ. കൂടാതെ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ സെമിയിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനെന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തം.

രസകരമായ കാര്യമെന്തെന്നാൽ 2007-ൽ ഓഗ്‌സ്ബർഗിനെ ഇപ്പോഴത്തെ പിഎസ്‌ജിയുടെ പരിശീലകൻ തോമസ് ടൂക്കൽ പരിശീലിപ്പിക്കുമ്പോൾ അവിടെ കളിക്കാരന്റെ വേഷത്തിൽ നേഗൽസ്മാൻ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ലീപ്സിഗിൽ എത്തിയത്.ആർബി ലീപ്സിഗിന്റെ വളർച്ചയും ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്നതാണ്.

2009-ൽ സ്ഥാപിതമായ ലൈപ്സിഗ് 2010-ൽ നാലാം ഡിവിഷനിലേക്കും 2013-ൽ മൂന്നാം ഡിവിഷനിലേക്കും 2014-ൽ രണ്ടാം ഡിവിഷനിലേക്കും 2016-ൽ ബുണ്ടസ്‌ലിഗയിലേക്ക് സ്ഥാനംക്കയറ്റം കിട്ടി. 2017-ൽ ബുണ്ടസ് ലിഗ രണ്ടാംസ്ഥാനക്കാരായി. ഇപ്പോൾ 2020-ൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലുമെത്തിനിൽക്കുന്നു. അതായത് അത്രയും വേഗത്തിലാണ് ലൈപ്സിഗിന്റെ വളർച്ച.

കൂടാതെ ലൈപ്സിഗ് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കീഴടക്കിയത് മുൻ ഫൈനലിസ്റ്റുകളായ ടോട്ടൻഹാമിനെയും അത്ലറ്റികോ മാഡ്രിഡിനെയുമാണെന്നതാണ് മറ്റൊരു രസകരമായ വസ്തുത.

You Might Also Like