ആന്‍ഡേഴ്‌സനോട് പ്രതികാരം വീട്ടി ജഡേജ, കാത്തിരുന്നത് നീണ്ട എട്ട് വര്‍ഷം

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റില്‍ മേല്‍കൈ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. മത്സരത്തില്‍ വ്യക്തമായ മേധാവിത്വം ഇതിനോടകം സ്വന്തമാക്കിയ ഇന്ത്യ മത്സരം ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഒരുവേള മുന്‍നിര തകര്‍ന്നിടത്ത് നിന്നാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇന്ത്യയ്ക്കായി റിഷഭ് പന്തും രവീന്ദ്ര ജഡേജയും സെഞ്ച്വറി കണ്ടെത്തിയതാണ് നിര്‍ണ്ണായകമായത്.

രവീന്ദ്ര ജഡേജയുടെ സെഞ്ച്വറിയാണ് രണ്ടാം ദിവസത്തെ പ്രധാന പ്രത്യേകത. ആദ്യദിനം ഋഷഭ് പന്തിനൊപ്പം 222 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ രണ്ടാം ദിനം 104 റണ്‍സെടുത്താണ് പുറത്തായത്. 98 റണ്‍സെടുക്കുമ്പോഴേക്കും 5 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കാന്‍ ജഡേജയ്ക്ക് സാധിച്ചു.

മത്സരശേഷം താന്‍ സെഞ്ച്വറിയിലേക്കെത്തിയതെങ്ങനെയെന്ന് ജഡേജ വെളിപ്പെടുത്തി. അതിനിടെ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിനെ പരിഹസിക്കാനും ജഡേജ മറന്നില്ല. 2014ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ആന്‍ഡേഴ്സണ്‍ നടത്തിയ ചില പ്രസ്താവനയ്ക്ക് എട്ട് വര്‍ഷത്തിന് ശേഷമാണ് ജഡേജ മറുപടി നല്‍കിയത്.

ഏഴാം നമ്പറായി ഇറങ്ങിയതോടെ ജഡേജയ്ക്ക് ബാറ്റിങ്ങിന് കൂടുതല്‍ അവസരം ലഭിച്ചെന്നും നേരത്തെ എട്ടാം നമ്പറായാണ് താരം കളിച്ചിരുന്നതെന്നും ആന്‍ഡേഴ്സണ്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഏതു പൊസിഷനിലായാലും താന്‍ മികച്ച ബാറ്റിങ്ങിനായാണ് ശ്രമിക്കാറുള്ളതെന്ന് ജഡേജ മറുപടി നല്‍കി. 2014 ന് ശേഷം ആന്‍ഡേഴ്സണ്‍ ഇക്കാര്യം തിരിച്ചറിഞ്ഞത് നന്നായെന്നും ജഡേജ സൂചിപ്പിച്ചു.

2014ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ആന്‍ഡേഴ്സണും ജഡേജയും കൊമ്പുകോര്‍ത്തിരുന്നു. ടീമുകള്‍ പവലിയനിലേക്ക് പോകുമ്പോള്‍ ആന്‍ഡേഴ്സണ്‍ ജഡേജയ്ക്കെതിരെ മോശമായി പെരുമാറിയത് അന്ന് ഏറെ വിവാദത്തിന് ഇടയാക്കി. ആന്‍ഡേഴ്സണിനെതിരെ ഐസിസി അന്വേഷണവും നടന്നു. ഇക്കാര്യമാണ് ജഡേജ വീണ്ടും ഓര്‍മിപ്പിച്ചത്.

മത്സരത്തില്‍ സ്വീകരിച്ച തന്ത്രങ്ങളും ജഡേജ വെളിപ്പെടുത്തി. ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകള്‍ ഒഴിവാക്കാനായിരുന്നു തുടക്കം മുതല്‍ താന്‍ തീരുമാനിച്ചതെന്നും അത് വിജയംകണ്ടെന്നും ജഡേജ പറയുന്നു. കവറിലും പോയന്റിലും ഫീല്‍ഡര്‍മാരെ ഒഴിവാക്കുമ്പോള്‍ ഷോട്ടുകള്‍ കളിക്കാന്‍ നാം പ്രേരിപ്പിക്കപ്പെടും. എന്നാല്‍, ഷോട്ടിന് ശ്രമിച്ചാല്‍ സ്ലിപ്പില്‍ ക്യാച്ച് ആകാനുള്ള സാധ്യത ഏറെയാണെന്നും അതിനാല്‍ ക്ഷമയോടെ കളിക്കാനായിരുന്നു തീരുമാനമെന്നും ജഡേജ പറഞ്ഞു.

 

You Might Also Like