ഇവൻ റൊണാൾഡോയുടെ പിൻഗാമി തന്നെ, മെസി പോലും അതിശയിച്ചു പോലും ഈ ഡ്രിബ്ലിങ്ങും വേഗതയും കണ്ടാൽ

എസി മിലാനെ സംബന്ധിച്ച് ആഘോഷരാവാണ് കഴിഞ്ഞ ദിവസം നടന്നത്. നാപ്പോളിയെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മറികടന്നതോടെ 2007നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ കളിക്കാൻ അവർക്കായി. കഴിഞ്ഞ സീസണിൽ സീരി എ കിരീടം സ്വന്തമാക്കിയ ടീം ലീഗിൽ പിന്നിലാണെങ്കിലും ചാമ്പ്യൻസ് ലീഗിൽ സീരി എയിലെ ഒന്നാം സ്ഥാനക്കാരെ തന്നെയാണവർ മറികടന്നത്.

ആദ്യപാദത്തിൽ ഒരു ഗോളിന്റെ വിജയം സ്വന്തമാക്കിയ മിലാൻ രണ്ടാം പാദത്തിൽ നാപ്പോളിയുടെ മൈതാനത്ത് സമനില നേടിയെടുത്താണ് സെമി ഫൈനലിലേക്ക് മുന്നേറിയത്. ഒലിവർ ജിറൂദിന്റെ ഗോളിൽ മിലാൻ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും ഇഞ്ചുറി ടൈമിൽ ഒസിമ്മൻ സമനില ഗോൾ നേടി. നാപ്പോളി ഒരു പെനാൽറ്റി നഷ്‌ടമാക്കിയതും മത്സരത്തിൽ നിർണായകമായി.

മത്സരത്തിൽ ജിറൂദാണ് മിലൻറെ ഗോൾ നേടിയതെങ്കിലും ആ ഗോളിന്റെ മുഴുവൻ ക്രെഡിറ്റും പോർച്ചുഗീസ് താരമായ റാഫേൽ ലിയാവോക്കാണ്. മത്സരത്തിനിടെ സ്വന്തം ബോക്‌സിന് പുറത്തു നിന്നും ലഭിച്ച പന്ത് ആറോളം നാപ്പോളി താരങ്ങളെ മറികടന്ന് എതിരാളിയുടെ ബോക്‌സിൽ എത്തിച്ച താരം അത് കൈമാറുമ്പോൾ വലയിലേക്ക് ഒന്ന് തട്ടിയിടേണ്ട ചുമതല മാത്രമേ ജിറൂദിന് ഉണ്ടായിരുന്നുള്ളൂ.

മത്സരത്തിന് ശേഷം റൊണാൾഡോയെ ഓർമിപ്പിക്കുന്ന നീക്കമാണ് ലിയാവോ നടത്തിയതെന്നാണ് ആരാധകർ പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് വിങ്ങിലൂടെ വേഗതയേറിയ നീക്കങ്ങൾ നടത്തി ഗോളടിക്കാനും അവസരങ്ങൾ ഒരുക്കി നൽകാനും റൊണാൾഡോ മുന്നിലായിരുന്നു. അതെ പൊസിഷനിൽ കളിക്കുന്ന പോർച്ചുഗൽ താരമായ ലിയാവോ സമാനമായ രീതിയിൽ തന്നെയാണ് മുന്നേറിയതെന്നും സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നു.

മിലാൻ ഈ സീസണിൽ ലീഗിൽ പിന്നിലാണെങ്കിലും ചാമ്പ്യൻസ് ലീഗിലെ കുതിപ്പ് അവർക്ക് ആശ്വാസമാണ്. കിരീടം തന്നെ സ്വന്തമാക്കാനുള്ള കരുത്തുണ്ടെന്ന് അവർ ഇന്നലത്തെ മത്സരത്തോടെ തെളിയിച്ചു. സെമിയിൽ ഇന്റർ മിലാനോ ബെൻഫിക്കയോ ആവും മിലൻറെ എതിരാളികൾ.

You Might Also Like