ടോസ് ജയിച്ച് പഞ്ചാബ്, താന്‍ ആഗ്രഹിച്ച തീരുമാനം തന്നെ സാം കറണ്‍ എടുത്തെന്ന് ഹാര്‍ദ്ദിക്ക്

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് നായകന്‍ സാം കുറണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തോളിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ ഈ മത്സരത്തിലും കളിക്കുന്നില്ല.

ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ബാറ്റിംഗ് തന്നെ തെരഞ്ഞെടുക്കുമെന്നാണ് ടോസിടല്‍ വേളയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ പറഞ്ഞത്. കഴിഞ്ഞ മത്സരം കളിച്ച അതേ ടീമിനെ തന്നെയാണ് മുംബൈ അണിനിരത്തുന്നത്.

പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുളള ടീമാണ് പഞ്ചാബ് കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്‍പതാം സ്ഥാനത്തുമാണ്. ഇരുവരും ആറ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് തോല്‍വിയുമടക്കം നാല് പോയന്റാണ് ഇതുവരെ നേടിയിട്ടുളളത്. അതിനാല്‍ തന്നെ ഇരുവര്‍ക്കും വിജയം അനിവാര്യമാണ്.

എല്ലാ കണ്ണുകളും മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മേലാണ്. നിലവില്‍ ഏറ്റവും മോശം ഫോമിലൂടെയാണ് ഹാര്‍ദ്ദിക്ക് കടന്ന് പോകുന്നത്. പ്രത്യേകിച്ച് ബൗളിംഗില്‍. ഈ സാഹചര്യത്തില്‍ ഹാര്‍ദ്ദിക്കിനെ ലോകകപ്പിനുളള പ്രധാന ടീമിലേക്ക് പരിഗണിക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഹാര്‍ദിക് ഇന്ന് പന്തെറിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹാര്‍ദ്ദിക്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇതിനുളള മറുപടി ഇന്നുണ്ടാകുമോയെന്നാണ് ഉറ്റുനോക്കുന്നത്.

 

You Might Also Like