രാത്രി സൂര്യനുദിച്ചു, മുംബൈയ്ക്ക് മികച്ച സ്‌കോര്‍, പഞ്ചാബിന് വിയര്‍ത്ത് ജയിക്കണം

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 193 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ്് 192 റണ്‍സെടുത്തത്. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

സൂര്യകുമാര്‍ യാദവ് 53 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം 78 റണ്‍സാണ് നേടിയത്. തിലക് വര്‍മ്മ 18 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം പുറത്താകാതെ 34 റണ്‍സെടുത്തപ്പോള്‍ രോഹിത്ത് ശര്‍മ്മ 25 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 36 റണ്‍സെടുത്തു.

ഇഷാന്‍ കിഷന്‍ (8), ഹാര്‍ദ്ദിക്ക് പാണ്ഡ്യ (10), ടിം ഡേവിഡ് (14), റെമേരിയോ ഷെപ്പേഴ്ഡ് (1), മുഹമ്മദ് നബി (0) എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ പ്രകടനം.

പഞ്ചാബിനായി ഹര്‍ഷല്‍ പട്ടേല്‍ തിളങ്ങി. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. സാം കറണ്‍ നാല് ഓവറില്‍ 41 റണ്‍സെടുത്ത് രണ്ട് വിക്കറ്റും സ്വന്തമാക്കി. കഗിസോ റബാഡ ഒരു വിക്കറ്റും എടുത്തു.

പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുളള ടീമാണ് പഞ്ചാബ് കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സാകട്ടെ ഒന്‍പതാം സ്ഥാനത്തുമാണ്. ഇരുവരും ആറ് മത്സരങ്ങളില്‍ രണ്ട് ജയവും നാല് തോല്‍വിയുമടക്കം നാല് പോയന്റാണ് ഇതുവരെ നേടിയിട്ടുളളത്. അതിനാല്‍ തന്നെ ഇരുവര്‍ക്കും വിജയം അനിവാര്യമാണ്.

You Might Also Like