പന്തല്ല, സഞ്ജുവാണ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി കളിക്കേണ്ടത്, തുറന്നടിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

ഐപിഎല്ലിന് ശേഷം തൊട്ടുടനെ ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് കളിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ ഈ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടത് ലോകകപ്പ് ടീമിലെത്താന്‍ ഓരോ ഇന്ത്യന്‍ താരത്തിനും അനിവാര്യമാണ്. ഐപിഎല്ലില്‍ പകുതിയില്‍ തന്നെ ലോകകപ്പിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മേയ് ഒന്നിന് ലോകകപ്പ് സംഘത്തെ ഇന്ത്യ പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കും എന്നതിനെ സംബന്ധിച്ച് വലിയ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍ റോളിലേക്കു സ്ഥാനമുറപ്പിച്ചിരിക്കുന്ന താരമെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനിടെ റിഷഭല്ല, ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാക്കേണ്ടത് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ആവണമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ലോകകപ്പ് ടീം സെലക്ഷനുമായി ബന്ധപ്പെട്ടു ഫസ്റ്റ്പോസ്റ്റുമായി സംസാരിക്കവെയാണ് അദ്ദേഹം സഞ്ജുവിനെ പിന്തുണച്ചിരിക്കുന്നത്.

ഒരു ബാറ്ററെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഏറെ മാറിക്കഴിഞ്ഞുവെന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം. സഞ്ജു ഇപ്പോള്‍ പഴയ സഞ്ജുവല്ല. ബാറ്ററെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ പക്വത നേടിക്കഴിഞ്ഞിരിക്കുകയാണ്. മാത്രമല്ല ബാറ്റിങില്‍ കൂടുതല്‍ സ്ഥിരതയും പുലര്‍ത്തുന്നുണ്ട്. ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ മികച്ച ഫോമിലുള്ള സഞ്ജുവിനെ ഒരിക്കലും മിസ്സ് ചെയ്യാന്‍ പാടില്ലെന്നും മഞ്ജരേക്കര്‍ വിശദമാക്കി.

ഈ ഐപിഎല്ലില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരെയെടുത്താല്‍ അവിടെ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ് സഞ്ജു. കഴിഞ്ഞ ദിവസം വരെ അദ്ദേഹം തലപ്പത്തായിരുന്നു. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ സഞ്ജുവിനെ ഓവര്‍ടേക്ക് ചെയ്ത് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ഇപ്പോള്‍ മുന്നില്‍ കയറിയിരിക്കുകയാണ്.

You Might Also Like