സന്ദീപിന്റെ അഞ്ച് വിക്കറ്റോ, ജയ്‌സ്വാളിന്റെ സെഞ്ച്വറിയോ അല്ല, ടേണിംഗ് പോയന്റ് മറ്റൊന്നെന്ന് സഞ്ജു

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൂറ്റന്‍ ജയം നേടാനായതിന്റെ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പ്. ഒന്‍പത് വിക്കറ്റിന്റെ അനായാസ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ സ്വന്തമാക്കിയത്. മത്സരശേഷം കളിയിലെ വഴിത്തിരിവിനെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ സംസാരിച്ചു.

മത്സരത്തില്‍ സന്ദീപ് ശര്‍മ്മ നേടിയ അഞ്ച് വിക്കറ്റും ജയസ്വാള്‍ നേടിയ സെഞ്ച്വറിയുമാണ് കാര്യങ്ങള്‍ രാജസ്ഥാന് അനുകൂലമാക്കിയത്. എന്നാല്‍ ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് ഇവര്‍ക്ക് മാത്രം പകുത്ത് നല്‍കാന്‍ സഞ്ജു തയ്യാറല്ല.  ടീമിന്റെ വിജയത്തില്‍ എല്ലാ കളിക്കാരും ക്രെഡിറ്റ് അര്‍ഹിക്കുന്നതായി സഞ്ജു പറഞ്ഞു.

‘പവര്‍പ്ലേയില്‍ (മുംബൈയുടെ ഇന്നിങ്സ്) വളരെ നന്നായി തുടങ്ങാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. എന്നാല്‍ മധ്യ ഓവറുകളില്‍ ഇടംകൈന്‍ ബാറ്റര്‍മാര്‍ (തിലക് വര്‍മ, നെഹാല്‍ വദേര) അവിശ്വസനീയമായാണ് ബാറ്റ് ചെയ്തത്. പക്ഷെ മല്‍സരത്തിലേക്കു പിന്നീട് ശക്തമായി തിരിച്ചുവരാന്‍ ഞങ്ങള്‍ക്കു സാധിച്ചു. കളിയിലെ ടേണിങ് പോയിന്റായി മാറിയതും ടീമിനെ ജയിപ്പിച്ചതും ഇതു തന്നെയാണ്’ സഞ്ജു വ്യക്തമാക്കി.

മല്‍സരത്തിന്റെ രണ്ടാമിന്നിങ്സില്‍ ബാറ്റിങ് കുറേക്കൂടി എളുപ്പമായിരുന്നുവെന്നു സഞ്ജു ചൂണ്ടിക്കാട്ടി. വിക്കറ്റ് അല്‍പ്പം ഡ്രൈ ആയിട്ടാണ് കാണപ്പെട്ടത്. പക്ഷെ വെളിച്ചം വന്നതിനു ശേഷം രാത്രിയില്‍ ഇതു തണുപ്പേറിയതായി മാറി. രണ്ടാമിന്നിങ്സില്‍ ബാറ്റ് ചെയ്യുക കൂടുതല്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സീസണില്‍ മോശം ഫോമിലൂടെ കടന്നുപോയ ശേഷം മുംബൈയ്ക്കെതിരേ സെഞ്ച്വറിയോടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജയ്സ്വാളിനെ സഞ്ജു പ്രശംസിക്കുകയും ചെയ്തു. ഒരു ബ്രേക്ക് കിട്ടുമ്പോള്‍ എന്താണ് വേണ്ടതെന്നു പ്രൊഫഷണലുകളായ ഓരോരുത്തര്‍ക്കുമറിയാം. യശസ്വിക്കു ആരില്‍ നിന്നെങ്കിലും ഉപദേശം ആവശ്യമാണെന്നു ഞാന്‍ കരുതുന്നില്ല. അവന്‍ വളരെയധികം ആത്മവിശ്വാസമുള്ള ചെറുപ്പക്കാരനാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു

You Might Also Like