പിഎസ്‌ജിയുടെ കരുത്തിനെ ഇടിച്ചു തകർത്ത് ന്യൂകാസിൽ, ഫ്രഞ്ച് വമ്പന്മാർ ഞെട്ടി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യൂറോപ്പിലെ കരുത്തരായ ടീമുകളിൽ ഒന്നായ പിഎസ്‌ജിയെ തകർത്ത് വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിലെത്തിയ ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. ന്യൂകാസിൽ യുണൈറ്റഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ക്ലബ് വിജയം സ്വന്തമാക്കിയത്. പിഎസ്‌ജിയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ തോൽവി.

അത്യന്തം ആവേശകരമായ മത്സരമാണ് ഇന്നലെ നടന്നത്. രണ്ടു ടീമുകളും ഒരുപോലെ പൊരുതിയെങ്കിലും മത്സരത്തിൽ ന്യൂകാസിൽ തങ്ങൾക്ക് ലഭിച്ച അവസരങ്ങൾ കൃത്യമായി മുതലെടുത്തു. ആദ്യപകുതിയിൽ തന്നെ മത്സരം ഏറെക്കുറെ തീരുമാനമായിരുന്നു. പതിനേഴാം മിനുട്ടിൽ ഒരു റീബൗണ്ടിലൂടെ പാരഗ്വായ് താരം മിഗ്വൽ ആൽമിറോനാണ് ന്യൂകാസിൽ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. അതിനു ശേഷം മുപ്പത്തിയൊമ്പതാം മിനുട്ടിൽ ഡിഫൻഡർ ഡാൻ ബേൺ ഒരു ഹെഡറിലൂടെ ന്യൂകാസിലിന്റെ ലീഡ് വർധിപ്പിച്ചു.

രണ്ടാം പകുതിയിൽ പിഎസ്‌ജി തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അൻപതാം മിനുട്ടിൽ തന്നെ ഗോൾ നേടി ന്യൂകാസിൽ യുണൈറ്റഡ് ആ പ്രതീക്ഷകളെ പൂർണമായും ഇല്ലാതാക്കി. സീൻ ലോങ്സ്റ്റാഫാണ് ഗോൾ കുറിച്ചത്. അതിനു പിന്നാലെ ലൂക്കാസ് ഹെർണാണ്ടസിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് പിഎസ്‌ജി ചെറിയൊരു പ്രതീക്ഷ നൽകിയെങ്കിലും ഇഞ്ചുറി ടൈമിൽ ഫാബിയാണ് ഷാർ കൂടി ഗോൾ നേടിയതോടെ ന്യൂകാസിൽ വിജയം അവരുടേത് മാത്രമാക്കി.

മത്സരത്തിൽ വിജയം സ്വന്തമാക്കിയതോടെ ഗ്രൂപ്പ് എഫിൽ ന്യൂകാസിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ന്യൂകാസിലിനു പുറമെ പിഎസ്‌ജി, എസി മിലാൻ, ഡോർട്ട്മുണ്ട് എന്നീ ക്ലബുകളുള്ള ഗ്രൂപ്പ് എഫ് മരണഗ്രൂപ്പായാണ് അറിയപ്പെടുന്നത്. ന്യൂകാസിൽ നാല് പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗ്രൂപ്പിൽ മൂന്നു പോയിന്റുള്ള പിഎസ്‌ജി രണ്ടാമതും രണ്ടു പോയിന്റുള്ള മിലാൻ മൂന്നാമതുമാണ്. ഒരു സമനില മാത്രം നേടിയ ഡോർട്ട്മുണ്ട് അവസാന സ്ഥാനത്ത് നിൽക്കുന്നു.

You Might Also Like