ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധമാണിത്, തകരുന്നതിന്റെ പ്രധാനകാരണം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി അവസാനിക്കുമ്പോൾ ആരാധകർക്ക് ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു. അതിനുള്ള പ്രധാന കാരണം അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയിട്ടും അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ ടീം നേടിയ വിജയമാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മികവ് അതിനു ശേഷം വലിയ രീതിയിൽ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർന്നു വീഴുന്നതാണ് കണ്ടത്. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ സൂപ്പർകപ്പിൽ നാല് ഗോളുകൾ വഴങ്ങിയ ടീം ഐഎസ്എല്ലിലെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ഗോൾ വഴങ്ങി നാല് മത്സരങ്ങളിൽ തോൽവി നേരിടുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ മോശം പ്രകടനത്തിന്റെ കാരണം പ്രതിരോധതാരം മിലോസ് ഡ്രിൻസിച്ച് വെളിപ്പെടുത്തുകയുണ്ടായി.

“എൻറെ അഭിപ്രായത്തിൽ ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധമുള്ളത് കേരള ബ്ലാസ്റ്റേഴ്‌സിനാണ്. എന്നാൽ നമ്മളെല്ലാവരും മനസിലാക്കേണ്ട പ്രധാനപ്പെട്ട കാര്യം പ്രതിരോധമെന്നത് അതിനു നിയോഗിക്കപ്പെട്ട നാല് താരങ്ങളുടെ മാത്രം ഉത്തരവാദിത്വമല്ല. ടീമിലെ എല്ലാവർക്കും അതിനു ചുമതലയുണ്ട്. എന്നാൽ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റിയത് വലിയൊരു വെല്ലുവിളിയായി.” ഡ്രിൻസിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ നിരവധി താരങ്ങളാണ് ഈ സീസണിൽ പരിക്കേറ്റു പുറത്തു പോയത്. ഐബാൻ ഡോഹലിംഗ്, അഡ്രിയാൻ ലൂണ, പെപ്ര, സച്ചിൻ സുരേഷ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിലായി സീസൺ മുഴുവൻ പുറത്തായിട്ടുണ്ട്. അതിനു പുറമെ കഴിഞ്ഞ മത്സരങ്ങളിൽ മാർകോ ലെസ്‌കോവിച്ചിന് പരിക്ക് പറ്റിയതും ടീമിനെ ബാധിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല.

You Might Also Like