ക്ലബ് വിടുന്നത് ബ്ലാസ്റ്റേഴ്‌സിനെ നെഞ്ചേറ്റിയ താരം, കിബുവിന് കീഴില്‍ കളിക്കാന്‍ അദ്ദേഹം അത്രമേല്‍ മോഹിച്ചിരുന്നു
ബ്ലാസ്‌റ്റേഴ്‌സ് വിട്ട് സ്ലൊവേനിയന്‍ സ്‌ട്രൈക്കര്‍ മാതജ് പൊപ്ലാനിക്ക് പോകുന്നു എന്ന വാര്‍ത്ത ഒരു വിഭാഗം ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ശങ്കടത്തില്‍ ആഴ്ത്തുന്ന ഒന്നാണ്. ശരാശരിക്ക് മികവില്‍ ഒരിക്കല്‍ പോലും കളിക്കാത്ത താരമായിട്ട് കൂടി ടീമിനോട് പുലര്‍ത്തിയ വിശ്വസ്തതയുടെ പേരിലാകും പൊപ്ലാനിക്ക് ഓര്‍മിക്കപ്പെടുക. ബ്ലാസ്റ്റേഴ്‌സുമായി ഇനി ഒരു വര്‍ഷത്തെ കരാര്‍ ബക്കി നില്‍ക്കെയാണ് ഈ സ്‌ട്രൈക്കര്‍ സ്‌കോട്ടിഷ് ലീഗിലേക്ക് കൂടമാറുന്നത്.
ഐഎസ്എല്ലില്‍ കളിച്ച് ഇവിടെ തന്നെ കരിയര്‍ അവസാനിപ്പിക്കണം എന്ന് ആഗ്രഹിച്ച താരമായിരുന്നു പൊപ്ലാനിക്ക്. തന്റെ അവസാന അഭിമുഖത്തിലും കിബു വികൂനയ്ക്ക കീഴില്‍ പന്ത് തട്ടാനുളള തന്റെ മോഹം അദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു.
‘കേരള ബ്ലാസ്റ്റേഴ്സില്‍ ഞാന്‍ സന്തുഷ്ടനായിരുന്നു. ഫുട്ബോളില്‍ മാത്രമല്ല ഇന്ത്യയിലെ ജീവിതം തന്നെ മനോഹരമാണ്. അവിടത്തെ എല്ലാ ദിവസവും ഞാന്‍ ആസ്വദിച്ചു. എന്റെ നാടിനേക്കാള്‍ ഏറെ അകലെയാണെങ്കിലും ഇന്ത്യ എനിക്ക് വീടായി തന്നെയാണ് തോന്നിയത്. ഇന്ത്യയിലെത്തിയാല്‍ ഒരു താരമായി ഞാന്‍ മാറുന്നതായി എനിക്ക് തോന്നി. മത്സരശേഷം ആളുകള്‍ ഫോട്ടോ എടുക്കുകയും അഭിമുഖം തയ്യാറാക്കുകയും എല്ലാ ചെയ്യും. ഒരു കളിക്കാരന് ആത്മവിശ്വാസം വേറെന്ത് വേണം’ പൊപ്ലാനിക്ക് ഇന്ത്യന്‍ അനുഭവം പറഞ്ഞ് ഇങ്ങനെയാണ്.
‘ആളുകള്‍ കരുതുന്നത് ഇന്ത്യന്‍ ലീഗ് തമാശയും മോശവുമാണെന്നാണ്. എന്നാല്‍ അങ്ങനെയല്ല ഇന്ത്യന്‍ ലീഗ് വളരെ മികച്ച ലീഗാണ്. സുനിലും, ജിങ്കനും, സഹലും ആഷിഖും അടക്കം മികച്ച കളിക്കാര്‍ കളിക്കുന്ന ലീഗ്. ഇവര്‍ക്കല്ലാം അനായാസം യൂറോപ്പില്‍ കളിക്കാനാകും എന്ന് എനിക്ക് ഉറപ്പുണ്ട്. അവര്‍ക്ക് മാനസികമായി ഒരു പരിശീലകനം നല്‍കിയാല്‍ മാത്രം മതി. അവരെത്ര മികച്ചവരാണെന്ന് അവര്‍ക്ക് അറിയില്ല. സന്ദേഷിന്റെ ഫുട്ബോളിനോടുളള പാഷന്‍ അപാരമാണ്. അവനൊരു പോരാളിയാണ്. അവന് അനായാസം യൂറോപ്പില്‍ കളിക്കാനാകും’ പൊപ്ലാനിക്ക് വിലയിരുത്തുന്നു.
തനിക്ക് ഇന്ത്യയില്‍ മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവസരം ലഭിക്കുകയാണെങ്കില്‍ മെച്ചപ്പെടാനാകുമെന്നും പൊപ്ലാനിക്ക് അന്ന് തുറന്ന് പറഞ്ഞിരുന്നു. ഇന്ത്യയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡേവിഡ് ജയിംസിന്റെ കളി ശൈലി ഇംഗ്ലീഷ് സ്റ്റെല്‍ ആയതാണ് തനിയ്ക്ക് തിരിച്ചടിയതെന്നും വികൂനയുടെ പാസിംഗ് ഗെയിം തനിക്ക് ചേര്‍ന്നതാണെന്നും പൊപ്ലാനിക്ക് വിലയിരുത്തിയിരുന്നു.
‘ഇന്ത്യയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. വികൂന വളരെ മികച്ച പരിശീലകനാണ്. അദ്ദേഹം മോഹന്‍ ബഗാനെ മികച്ച ഫുട്ബോള്‍ കളിപ്പിച്ചു. കുറിയ പാസുകളും മികച്ച ഫുട്ബോളുമാണ് അവന്റേത്. ബാഴ്സലോണ ശൈലിയിലാണ് അവര്‍ കളിച്ചത്. ആ ശൈലി ഞാനും ഇഷ്ടപ്പെടുന്നു. അദ്ദേഹം എന്നെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പൊപ്ലാനിക്ക് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
നിലവില്‍ സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ് ലിവിംഗ്സ്റ്റണിലേക്കാണ് മാതാജ് കൂടുമാറിയതെന്നാണ് വിവിധ സ്ലൊവേനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുളള ടീമാണ് പൊപ്ലാനിക്ക് ചേക്കേറിയിരിക്കുന്ന ലിവിംഗ്സ്റ്റണ്‍ എഫ്സി.
ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് പോപ്ലാനിക്ക് ക്ലബ് വിടുന്നത്. താരത്തെ ലോണില്‍ ബ്ലാസ്‌റ്റേഴ്‌സ് ലിവിംഗ്‌സ്റ്റണ് കൈമാറിയതാണോ എന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ ആഴ്ച്ച പോലും ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബു വികൂന നടത്തിയ ടീം മീറ്റിംഗില്‍ പങ്കെടുത്ത താരമാണ് പൊപ്ലാനിക്ക്. താരം ക്ലബ് വിടുന്നു എന്ന വാര്‍ത്ത അവിശ്വസനീയതയോടെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സ്വീകരിക്കുന്നത്.