ഇവാന്റെ പോരാട്ടവീര്യം അദ്ദേഹത്തിന്റെ ടീമിനുമുണ്ട്, കേരള ബ്ലാസ്റ്റേഴ്‌സ് വെല്ലുവിളിയെന്ന് ഗോവ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പൻ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഗോവയും ഇന്ന് രാത്രി ഇറങ്ങുമ്പോൾ ഗോവക്ക് മുൻതൂക്കമുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ലീഗിൽ ഇതുവരെ ആറു മത്സരങ്ങൾ കളിച്ചപ്പോൾ ഒരെണ്ണത്തിൽ പോലും തോൽക്കാതെ രണ്ടാം സ്ഥാനത്തു നിൽക്കുന്ന അവർക്ക് സ്വന്തം മൈതാനത്താണ് മത്സരമെന്നത് കൂടുതൽ കരുത്തു നൽകുന്നു.

അതേസമയം ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സും മോശമല്ലാത്ത ഫോമിലാണ് കളിക്കുന്നത്. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ അവർ അതിൽ ഒരെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. അഞ്ചു മത്സരങ്ങളിൽ വിജയം നേടിയ അവർ മികച്ച പോരാട്ടവീര്യം വിജയം നേടാതിരുന്ന മത്സരങ്ങളിൽ പ്രകടിപ്പിക്കുകയും ചെയ്‌തു. അതുകൊണ്ടു തന്നെ ടീമിനെ വളരെയധികം സൂക്ഷിക്കണമെന്നാണ് ഗോവ പരിശീലകൻ പറയുന്നത്.

“ഇവാനും ഞാനും തമ്മിൽ നല്ല ബന്ധമാണുള്ളത്. വളരെയധികം മത്സരബുദ്ധിയുള്ള അദ്ദേഹത്തിന് ആ ഗുണം തന്റെ ടീമിലും വളർത്തിയെടുക്കാൻ കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന് പരിശീലകൻ വളരെ പ്രധാനമാണ്, അവരെ നിയന്ത്രിക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവുണ്ട്. ഐ‌എസ്‌എല്ലിലെ മികച്ച മൂന്ന് കളിക്കാരിൽ ഒരാളായ ലൂണ അവരുടെ ടീമിലാണ്. ഇരു ടീമുകൾക്കും വിജയസാധ്യതയുള്ള മികച്ച കളിയാകും ഇത്.”

“അവർ ഞങ്ങളേക്കാൾ കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും അവർക്ക് പ്രധാന കളിക്കാർ ലഭ്യമല്ലാത്ത സമയങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ശ്രദ്ധിക്കുക. നടക്കാൻ പോകുന്നത് ഒരു കടുപ്പമേറിയ കളിയായിരിക്കും, എന്നാൽ ഐഎസ്എല്ലിലെ ഓരോ മത്സരവും ഒരു യുദ്ധമാണ്, ഞങ്ങൾ കടുത്ത പോരാട്ടത്തിന് തയ്യാറാണ്.” അദ്ദേഹം പറഞ്ഞു.

ഗോവക്കെതിരെയുള്ള മോശം റെക്കോർഡ് മറികടക്കുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയുടെ മൈതാനത്ത് ഒരു തവണ മാത്രമേ വിജയം നെറ്റിയിട്ടുള്ളൂ എന്ന റെക്കോർഡും മറികടക്കാനുണ്ട്. അതിനു ഇന്ന് കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

You Might Also Like