മെസിക്ക് നല്ലത് മാഞ്ചസ്റ്റർ സിറ്റി തന്നെ, പ്രീമിയർ ലീഗ് അനുയോജ്യമെന്നു മെസിയുടെ അർജന്റൈൻ സഹതാരം

മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച പ്രതിരോധഭടന്മാരിൽ ഒരാളാണ് അർജന്റൈൻ താരം പാബ്ലോ സബലേറ്റ. യൂത്ത് തലം മുതൽ അർജന്റീന ടീമിൽ ലയണൽ മെസിക്കൊപ്പം പന്തു തട്ടിയ താരം അർജന്റീനൻ പ്രതിരോധത്തിലെയും മികച്ച താരമായിരുന്നു. അർജന്റീനയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസി ബാഴ്‌സലോണ വിടുകയാണെങ്കിൽ തന്റെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയാണ് വളരെയധികം അനുയോജ്യമായ ക്ലബ്ബെന്ന പക്ഷക്കാരനാണ് സബലേറ്റ.

ലയണൽ മെസി ആഗ്രഹിക്കുന്നത് പോലുള്ള ഒരു പുതിയ വെല്ലുവിളി അനായാസമാക്കാൻ പെപ്‌ ഗാർഡിയോളയും സഹായിക്കുമെന്നും സബലേറ്റ ചൂണ്ടിക്കാണിച്ചു. കരിയറിൽ ഒരിക്കലെങ്കിലും പ്രീമിയർ ലീഗും മെസി അനുഭവിക്കണമെന്ന പക്ഷക്കാരനാണ് സബലേറ്റ. ഇംഗ്ലീഷ് മാധ്യമമായ ദി മിററിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലയണൽ മെസി ബാഴ്സലോണ വിടാനാഗ്രഹിക്കുനകയും ഒപ്പം മികച്ച മറ്റൊരു ലീഗിൽ കളിക്കാനാഗ്രഹിക്കുന്നുവെങ്കിൽ പ്രീമിയർലീഗ് ഒരിക്കൽ അനുഭവിക്കേണ്ടത് തന്നെയാണ്. അതൊരു രസമുള്ള അനുഭവം തന്നെയായിരിക്കും. കാരണം എനിക്കറിയാവുന്ന എല്ലാ കളിക്കാരും പ്രീമിയർ ലീഗ് എങ്ങനെയുണ്ടെന്നു ചോദിക്കാറുണ്ട്. ലിയോ ലാലിഗയിൽ കുറേക്കാലമായി തുടരുന്നതിനാൽ പ്രീമിയർ ലീഗ് ഒരു മികച്ച ആകർഷണം തന്നെയായിരിക്കും. മാഞ്ചസ്റ്റർ സിറ്റിയിരിക്കും അതിനു മികച്ച അന്തരീക്ഷം നൽകുന്ന ക്ലബ്ബ്.

അവനു പെപ്‌ ഗാർഡിയോളയെ നന്നായി അറിയുകയും ചെയ്യും. സ്പോർട്ടിങ് ഡയറക്ടർ ക്സികി ബെജിറിസ്‌ട്രെയിനിനെയും ചീഫ് എക്സിക്യൂട്ടീവ് ഫെറാൻ സോറിയാനോയേയും കുൻ അഗ്വേറോയേയും അറിയാം. ബാഴ്സ വിടാൻ ആഗ്രഹിക്കുകയാണെങ്കിൽ ലീഗിനോട് വളരെ പെട്ടെന്നു ഇണങ്ങിചേരാൻ സഹായിക്കുന്ന ആളുകളും അവിടെയുണ്ട്. ഒരു ക്ലബ്ബിൽ കുറേ കാലമായി തുടരുന്നത് കൊണ്ട് പുതിയ ക്ലബ്ബിലേക്ക് പോവുകയെന്നത് അപരിചിതമായ ഒന്നായിരിക്കും. പിഎസ്‌ജിക്കും യുവന്റസിനും അവനിൽ താത്പര്യമുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ബാഴ്‌സലോണയ്ക്ക് ശേഷം സിറ്റി ആയിരിക്കും ഉത്തമമായ ക്ലബ്ബ്.” സബലേറ്റ പറഞ്ഞു.

You Might Also Like