പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങളിൽ വീണ് ബയേൺ മ്യൂണിക്ക്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അസ്‌തമിച്ചു

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരം തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനു നേരെ വിപരീതമാണ് എത്തിഹാദിൽ നടന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റർ സിറ്റി നേടിയത്.

മത്സരത്തിന്റെ ഇരുപത്തിയേഴാം മിനുട്ടിൽ തന്നെ റോഡ്രിയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സിറ്റി മുന്നിലെത്തിയിരുന്നു. തുടർന്ന് നിരവധി സമയം ഗോളൊന്നും വീഴാതെ മുന്നോട്ടു പോയ മത്സരത്തിൽ എഴുപതാം മിനുട്ടിലും എഴുപത്തിയാറാം മിനുട്ടിലുമാണ് രണ്ടു ഗോളുകൾ പിറന്നത്. ബെർണാർഡോ സിൽവ, ഹാലാൻഡ് എന്നിവരാണ് സിറ്റിയുടെ മറ്റു രണ്ടു ഗോളുകൾ നേടിയത്.

മത്സരത്തിൽ ഇതിനേക്കാൾ കൂടുതൽ ഗോളുകൾ മാഞ്ചസ്റ്റർ സിറ്റി നേടേണ്ടതായിരുന്നു. എന്നാൽ ന്യൂയർക്ക് പകരം ടീമിലെത്തിയ ഗോൾകീപ്പർ യാൻ സോമ്മറുടെ മികച്ച പ്രകടനമാണ് ഇത്രയും ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ഒതുക്കിയത്. ആറോളം സേവുകളാണ് മത്സരത്തിൽ സോമ്മർ നടത്തിയത്.

അതേസമയം ബയേൺ മ്യൂണിക്കിനും മത്സരത്തിൽ അവസരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മുന്നേറ്റ നിരയിൽ പ്രധാനിയായ ചൂപ്പ മോട്ടിങ് കളിക്കാതിരുന്നത് അവരെ ബാധിച്ചു. അതിനു പുറമെ പ്രതിരോധത്തിലും ടീം വീഴ്ചകൾ വരുത്തിയതാണ് ഇത്രയും വലിയൊരു തോൽവി വഴങ്ങി ബയേണിന്റെ പ്രതീക്ഷകൾ ഇല്ലാതാക്കിയത്.

മത്സരത്തിൽ വിജയം നേടിയതോടെ 2020-21  സീസണിലെ ചാമ്പ്യൻസ് ലീഗിലെ ഫൈനൽ തോൽവിക്ക് പകരം വീട്ടാൻ മാഞ്ചസ്റ്റർ സിറ്റിക്കായി. അന്ന് ചെൽസിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികളെങ്കിലും പരിശീലകൻ തോമസ് ടുഷെൽ ആയിരുന്നു. അതെ ടുഷെലിനെതിരെ മികച്ച വിജയം നേടാൻ പെപ്പിനു കഴിഞ്ഞു.

You Might Also Like