പഴി കേട്ടിരുന്നവർ ഹീറോകളായി, ചാമ്പ്യൻസ് ലീഗിൽ നിർണായക വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

കഴിഞ്ഞ സീസണിൽ എറിക് ടെൻ ഹാഗിനു കീഴിൽ പ്രതീക്ഷ നൽകുന്ന പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയെങ്കിലും ഈ സീസണിൽ അതാവർത്തിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. മോശം പ്രകടനത്തിന്റെ പേരിലും മത്സരങ്ങൾക്കിടയിൽ വരുത്തുന്ന പിഴവുകളുടെ പേരിലും പുതിയതായി ടീമിലെത്തിയ ഗോൾകീപ്പർ ഒനാന ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതിരോധതാരമായ ഹാരി മാഗ്വയറും സമാനമായ വിമർശനം ഒരുപാട് കാലമായി ഏറ്റുവാങ്ങുന്നുണ്ട്.

എന്നാൽ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വളരെ നിർണായകമായ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയപ്പോൾ ഈ രണ്ടു താരങ്ങളുമാണ് ടീമിന്റെ ഹീറോകളായത്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഡാനിഷ് ക്ലബായ എഫ്‌സി കൊബാനിഹാവനെതിരെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. ഇതോടെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമാക്കിയിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയത്. രണ്ടു ക്ലബുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ എഴുപത്തിരണ്ടാം മിനുട്ടിലാണ് മഗ്വയർ ഗോൾ നേടുന്നത്. ഒരു കോർണറിനു ശേഷം ക്രിസ്റ്റ്യൻ എറിക്‌സൺ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലേക്ക് എത്തിച്ചാണ് മഗ്വയർ ടീമിന്റെ വിജയഗോൾ കുറിച്ചത്. കഴിഞ്ഞ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം നടത്തിയ താരം ഈ മത്സരത്തിലും ടീമിന്റെ ഹീറോയായി.

ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഒനാനയും ഇന്നലെ ഹീറോ ആയിരുന്നു. മത്സരത്തിന്റെ അവസാനത്തെ മിനിറ്റുകളിൽ ഡാനിഷ് ക്ലബിന് അനുകൂലമായി പെനാൽറ്റി ലഭിച്ചിരുന്നു. ഈ പെനാൽറ്റി തടുത്തിട്ട് വിജയം ഉറപ്പിക്കാൻ സഹായിച്ച ഒനന മത്സരത്തിലുടനീളം കിടിലൻ സേവുകളും നടത്തിയിരുന്നു. ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരവും തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ മൂന്നു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ഒൻപത് പോയിന്റുള്ള ബയേൺ ഒന്നാമതും നാല് പോയിന്റുള്ള ഗലാത്സരെ രണ്ടാമതുമാണ്.

You Might Also Like