മെസിയെ തളർത്താൻ റൊണാൾഡോ ചാന്റുകൾ, സെക്കൻഡുകൾക്കകം ഗോളടിച്ച് അർജന്റീന താരം

സീസൺ ആരംഭിച്ചതോടെ ഇന്റർ മിയാമിയിൽ മികച്ച ഫോമിലാണ് ലയണൽ മെസി കളിക്കുന്നത്. ഇതുവരെ ഇന്റർ മിയാമിക്കൊപ്പം കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിക്കുകയോ ഗോളിന് വഴിയൊരുക്കുകയോ ചെയ്‌തിട്ടുള്ള താരത്തിന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുമാണ് അഞ്ചു മത്സരങ്ങളിൽ സമ്പാദ്യം. മെസിയുടെ കരുത്തിൽ കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്കും ഇന്റർ മിയാമി മുന്നേറി.

രണ്ടു പാദങ്ങളായി നടന്ന പ്രീ ക്വാർട്ടർ മത്സരത്തിന്റെ ആദ്യപാദത്തിൽ ഇന്റർ മിയാമി സമനില നേടിയപ്പോൾ മെസി ഒരു ഗോൾ നേടിയിരുന്നു. സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കാൻ മെസിക്ക് കഴിഞ്ഞു. രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്.

മത്സരത്തിൽ ലയണൽ മെസിയെ മാനസികമായി തളർത്താൻ എതിരാളികളായ നാഷ്‌വിൽ ആരാധകർ ശ്രമിച്ചിരുന്നു. സ്റ്റേഡിയത്തിൽ റൊണാൾഡോയുടെ പേര് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാണ് നാഷ്‌വിൽ ആരാധകർ ലയണൽ മെസിയെ തളർത്താൻ ശ്രമിച്ചത്. എന്നാൽ ഈ ചാന്റുകൾ ഉയർന്നു സെക്കൻഡുകൾ തികയും മുൻപേ ലയണൽ മെസി ഗോൾ നേടി അവരെ നിശബ്‌ദമാക്കി.

കുറച്ചു ദിവസങ്ങൾക്കു മുൻപേ മെസി ചാന്റുകൾ മുഴക്കിയ ആരാധകർക്കെതിരെ റൊണാൾഡോ അശ്ളീല ആംഗ്യം കാണിച്ച് വിലക്ക് വാങ്ങിയിരുന്നു. അതിനിടെയാണ്റൊണാൾഡോ ചാന്റുകൾ മുഴക്കി തന്നെ തളർത്താൻ ശ്രമിച്ച ആരാധകരുടെ വായടപ്പിക്കാൻ മെസിക്ക് കഴിഞ്ഞത്. താരം ചെയ്‌തത്‌ ഒരു ഹീറോയിസമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

You Might Also Like