തന്റെ മികവിന് ലയണൽ മെസിയും കാരണക്കാരൻ, ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിനു ശേഷം ലൗടാരോ മാർട്ടിനസ്

2010ൽ മൗറീന്യോ പരിശീലകനായിരുന്ന സമയത്ത് ചാമ്പ്യൻസ് ലീഗ് കിരീടം ഇന്റർ മിലാൻ നേടിയതിനു ശേഷം പിന്നീടൊരു ഇറ്റാലിയൻ ക്ലബ് പോലും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. എന്നാൽ ആ നാണക്കേട് തിരുത്താനുള്ള അവസരം ഇത്തവണ വന്നിട്ടുണ്ട്. 2010ൽ കിരീടം സ്വന്തമാക്കിയ ഇന്റർ മിലാൻ കഴിഞ്ഞ ദിവസം എസി മിലാനെ സെമി ഫൈനൽ രണ്ടാം പാദത്തിലും കീഴടക്കി ഫൈനലിൽ പ്രവേശിക്കുകയുണ്ടായി.

ഇന്റർ മിലൻറെ കുതിപ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത് അർജന്റീന താരമായ ലൗടാരോ മാർട്ടിനസാണ്‌. ലോകകപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും അവിടെ നേടിയ കിരീടവിജയത്തിൽ ആത്മവിശ്വാസം നേടി ക്ലബ്ബിലേക്ക് വന്ന താരം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇന്റർ മിലാൻ വിജയം നേടിയപ്പോൾ ലൗടാരോ മാർട്ടിനസാണ്‌ ഗോൾ നേടിയത്.

ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഖത്തർ ലോകകപ്പിലെ വിജയവും അർജന്റീന നായകനായ ലയണൽ മെസിയും തനിക്ക് വലിയ പ്രചോദനം നൽകിയിട്ടുണ്ടെന്നാണ് ലൗടാരോ മാർട്ടിനസ് മത്സരത്തിന് ശേഷം പറഞ്ഞത്. ഈ സീസണിൽ ഇരുപത്തിയഞ്ചു ഗോളുകൾ നേടിയ താരം ചാമ്പ്യൻസ് ലീഗിൽ ആറു ഗോളുകളിലാണ് പങ്കാളിയായത്.

“ഞാൻ മാനസികമായി വളരെയധികം വളർന്ന സീസണാണിത്. എന്നെയതിന് സഹായിക്കുന്ന ടീമംഗങ്ങൾ എനിക്കൊപ്പമുണ്ട്. മെസിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു, എല്ലാത്തിലും അവൻ എന്നെ സഹായിച്ചു. ലോകകപ്പ് നിങ്ങളുടെ കൈകളിൽ ഏറ്റുവാങ്ങുന്നത് ഒരു പ്രത്യേകതയാണ്, അതിൽ നിന്ന് ടീമിനെ നയിക്കുന്നതിന് കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. ക്യാപ്റ്റൻ ആകുന്നത് ഒരു പ്രത്യേകതയാണ്, ഈ സായാഹ്നം എനിക്ക് ജീവിതകാലം മുഴുവൻ നിലനിൽക്കും.” താരം പറഞ്ഞു.

ലൗടാരോ മാർട്ടിനസിനെ ഇന്റർ മിലാൻ ടീമിന്റെ നായകനാക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്റർ മിലാൻ സിഇഓ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ സീസണിന് ശേഷം അർജന്റീന താരത്തിന് വേണ്ടി നിരവധി ക്ലബുകൾ രംഗത്തു വരുമെന്ന് ഉറപ്പുള്ളതിനാൽ താരം ഇറ്റലിയിൽ തന്നെ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

 

You Might Also Like