മെസി VS ക്രിസ്ത്യാനോ, ചാമ്പ്യൻസ്‌ലീഗിൽ ആരൊക്കെ മുന്നേറുമെന്ന് വ്യക്തമാക്കി കൂമാൻ

ഇത്തവണത്തെ ചാമ്പ്യൻസ്‌ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായതോടെ ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ കൂടുതൽ ക്ഷണിച്ചത് ‘ജി’ ഗ്രൂപ്പിലാണ്. ബാഴ്സയും യുവൻറസും ഒരേ ഗ്രൂപ്പിലാണെന്നതാണ് ഈ ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നത്. വളരെക്കാലത്തിനു ശേഷം മെസിയും റൊണാൾഡോയും എതിരാളികളായി വരുന്നപോരാട്ടങ്ങൾക്കാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം വേദിയാവുന്നത്.

റയൽ മാഡ്രിഡിൽ നിന്നും ക്രിസ്ത്യാനോ വിടവാങ്ങിയശേഷം ആദ്യമായാണ് ഇരു താരങ്ങളും പരസപരം ഏറ്റുമുട്ടാനുള്ള അവസരം സംജാതമാകുന്നത്. മെയ് 2018ൽ എൽ ക്ലാസിക്കോയിലാണ് ഇരുവരും അവസാനമായി പരസ്പരം കൊമ്പുകോർക്കുന്നത്. അതിനൊപ്പം ആദ്യമായാണ് ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ സൂപ്പർതാരങ്ങൾ ഇരുവരും ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഗ്രൂപ്പിലെ മികച്ചവർ ബാഴ്സയും യുവന്റസുമാണെന്നതിനാൽ നറുക്കെടുപ്പിൽ സംതൃപ്തനാണെന്നാണ് കൂമാന്റെ പക്ഷം. ഗ്രൂപ്പിലെ മറ്റു ടീമുകൾക്ക് ബാഴ്സക്കും യുവന്റസിനുമെതിരെ കളിക്കുന്നതിൽ സന്തോഷമുണ്ടാക്കുന്നുവെങ്കിൽ ബാഴ്സക്കും യുവന്റസിനും അതു മാത്രം പോരെന്നാണ് കൂമാന്റെ അഭിപ്രായം. അടുത്ത ഘട്ടത്തിലേക്കു മുന്നേറേണ്ടത് അത്യാവശ്യമാണെന്നും കൂമാൻ ചൂണ്ടിക്കാണിച്ചു.

മെസിയുടെയും ക്രിസ്ത്യാനോയുടെയും ഏറ്റുമുട്ടൽ മാത്രമല്ല ഈ ഗ്രൂപ്പ്‌ ഘട്ടത്തെ വ്യത്യസ്തമാക്കുന്നത്. മറിച്ച് പ്യാനിച്ച്, ആർതർ എന്നിവർക്ക് മുൻ ക്ലബുകൾക്കെതിരായ പോരാട്ടതിനു കൂടിയാണ് അരങ്ങൊരുങ്ങുന്നത്. ഡൈനാമോ കീവ്, പുതുമുഖങ്ങളായ ഫെറൻകവ്റോസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു എതിരാളികൾ.

You Might Also Like