ഓഗ്‌ബെചെ ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുമെന്ന് ഉറപ്പിച്ച് കിബുവും, ‘ഇഗോറിന് ഈ ടീമില്‍ സ്ഥാനമില്ല’

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ ബെര്‍ത്തലോമേവ് ഓഗ്‌ബെചെ ക്ലബില്‍ തുടരുമെന്ന സൂചന നല്‍കി പരിശീലകന്‍ കിബു വികൂന. പോളിഷ് മാധ്യമമായ വെസ്ലോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് കിബു ഇക്കാര്യം വ്യക്തമാക്കിയത്.

പോളിഷ് ലീഗില്‍ കളിച്ച ഇഗോര്‍ അംഗുളോ എന്ത് കൊണ്ട് ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാതെ ഗോവയ്ക്കായി കളിച്ചു എന്നതായിരുന്നു കിബുവിനോട് മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. അതിന് മറുപടിയായാണ് തങ്ങള്‍ക്ക് ഇഗോറിനെ പോലൊരു താരം ടീമിലുണ്ടെന്നും അത് ഓഗ്‌ബെചെ ആണെന്നും കിബു വികൂന വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ ടീമില്‍ ഓഗ്‌ബെചെയുണ്ട്. ഇഗോറിന്റെ അതേ പ്രായവും പ്രെഫൈലുമുളള സ്‌ട്രെക്കറാണ് ഓഗ്‌ബെചെ. ഞങ്ങളുടെ ടീം ലീഡറാണ് അവന്‍. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്‌സില്‍ ഇഗോറിന് ഇടമില്ല. എന്നാല്‍ ഇന്ത്യയിലേക്ക് ട്രാന്‍സ്ഫറിന് മുന്നോടിയായി ഞാന്‍ അവനോട് സംസാരിച്ചിരുന്നു. അന്റെ ഭാര്യയേയും എനിക്ക് നന്നായി അറിയാം’ കിബു പറഞ്ഞു.

അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യംവെക്കുന്നത് എന്താണ് എന്ന ചോദ്യത്തിന് കിബുവിന്റെ ഉത്തരം ഇപ്രകാരമായിരുന്നു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏഴാമതോ എട്ടാമതോ എല്ലാമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. ഈ സീസണില്‍ ടോപ് ഫോറില്‍ എത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. നല്ലൊരു ടീമിനെ ഉണ്ടാക്കാനാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രമിക്കുന്നത്. സ്‌നേഹബന്ധം നിലനില്‍ക്കുന്ന ഒരു ടീം’ കിബു പറഞ്ഞ് നിര്‍ത്തി.