ഗോവയിലേക്ക് ചേക്കേറും മുമ്പ് കിബുവോട് സംസാരിച്ചിരുന്നു, ഇഗോറിന്റെ വെളിപ്പെടുത്തല്‍

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയ പേരായിരുന്നു പോളിഷ് ലീഗില്‍ കളിക്കുന്ന സ്പാനിഷ് താരം ഇഗോര്‍ അംഗൂളോയുടേത്. കേരള ബ്ലാസ്‌റ്റേഴ്‌സിലെത്താന്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ട താരം എന്നാല്‍ അവസാന നിമിഷം എഫ്‌സി ഗോവയില്‍ സൈന്‍ ചെയ്യുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഏറെ അഘാതമേല്‍പിച്ച വാര്‍ത്തയായിരുന്നു അത്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയോട് തനിക്കുളള ആത്മബന്ധം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് അംഗൂളോ ഇപ്പോള്‍. ഗോവിയിലേക്ക് ചേക്കേറും മുമ്പ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയോട് ഇന്ത്യന്‍ അനുഭവങ്ങളെ കുറിച്ച് ഏറെ സംസാരിച്ചിരുന്നതായാണ് അംഗൂളോ പറയുന്നത്.

എന്നാല്‍ കിബുവുമായി സംസാരിച്ചത് ഒരിക്കലും കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതിനെ കുറിച്ച് ആയിരുന്നില്ലെന്നും താന്‍ എഫ്‌സി ഗോവയോട് മാത്രമാണ് ട്രാന്‍സ്ഫര്‍ കാര്യങ്ങള്‍ സംസാരിച്ചതെന്നും അംഗുളോ പറയുന്നു.

‘ഗോവയിലേക്ക് വരുന്നതിന് മുമ്പ് കിബുവിനോട് ഇക്കാര്യം സംസാരിച്ചു. ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുളളത്. ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ അതൊരിക്കലും കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നതിനെ സംബന്ധിച്ചായിരുന്നില്ല. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് എഫ്‌സി ഗോവയോട് മാത്രമാണ് ഞാന്‍ സംസാരിച്ചത്’ ഇഗോര്‍ പറയുന്നു.

പോളിഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് ഇഗോര്‍ അംഗൂളോ. പോളിഷ് ക്ലബ് ഗോര്‍നിക്കിനു വേണ്ടി 126 കളികളില്‍ നിന്നായി ഇഗോര്‍ അടിച്ചത് 76 ഗോള്‍ ആണ് അടിച്ചുകൂട്ടിയത്. ഏത് പാര്‍ശ്വത്തില്‍ നിന്നും അതിവേഗം ഗോള്‍ വല ചലിപ്പിക്കാനുളള സവിശേഷതയുളള താരമാണ് ഇഗോര്‍. തരംതാഴ്ത്തപ്പെട്ട ഗോര്‍ക്കിനെ പോളണ്ടിലെ ഫസ്റ്റ് ഡിവിഷനിലേക്ക് കൊണ്ട് വന്നത് ഇറോറിന്റെ തകര്‍പ്പന്‍ പ്രകടന മികവിലാണ്.

നേരത്തെ ഇഗോറിനെ നിലനിര്‍ത്തുന്നതിനായി ഗോര്‍നിക്ക് ആരാധകര്‍ ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നു. എന്നാല്‍ ക്ലബ് വിടാന്‍ തന്നെ താരം അന്തിമ തീരുമാനമെടുക്കുകയായിരുന്നു. സ്പെയിനിന്റെ അണ്ടര്‍ 21, അണ്ടര്‍ 20, അണ്ടര്‍ 19 ടീമുകള്‍ക്കായൊക്കെ കളിച്ചിരുന്നു. ലാലിഗയിലെ കരുത്തന്‍മാരായ അത്ലറ്റിക്ക് ബില്‍ബാവോയ്ക്ക് വേണ്ടിയും ആംഗുളോ കളിച്ചിട്ടുണ്ട്.