മൂന്നു താരങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്, ഒരാളെ നിലനിർത്തണമെന്ന് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലേക്ക് കടന്നിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നു താരങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. അഡ്രിയാൻ ലൂണയുടെ പകരക്കാരനെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതിനിടെയാണ് നിലവിൽ ടീമിലുള്ള മൂന്നു താരങ്ങളെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ടീമിലെ മുന്നേറ്റനിര താരങ്ങളായ ബിദ്യാസാഗർ, ബ്രൈസ് മിറാൻഡ, പ്രതിരോധതാരം ഹോർമിപാം എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കാൻ തയ്യാറെടുക്കുന്നത്. എന്നാൽ ഈ മൂന്നു താരങ്ങളെയും ജനുവരിയിൽ തന്നെ ഒഴിവാക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഇതിൽ ആദ്യത്തെ രണ്ടു താരങ്ങൾക്കും ഈ സീസണിൽ തീരെ അവസരങ്ങൾ ലഭിക്കുന്നില്ല.

സീസണിന്റെ തുടക്കത്തിൽ ഡ്യൂറൻഡ് കപ്പിൽ ടീമിനായി ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ ബിദ്യാസാഗർ ആകെ ഒരു ഐഎസ്എൽ മത്സരത്തിൽ പകരക്കാരനായി ഒന്നോ രണ്ടോ മിനുട്ടുകൾ മാത്രമാണ് കളിച്ചിരിക്കുന്നത്. അതേസമയം മിറാൻഡ ഒരു മത്സരത്തിൽ പോലും ഇറങ്ങിയിട്ടില്ല. ഈ രണ്ടു താരങ്ങളും ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതേസമയം ഹോർമിപാമിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആലോചിച്ചേ തീരുമാനം എടുക്കുകയുള്ളൂ. വിദേശ സെന്റർബാക്കുകളുടെ സഖ്യം വന്നതോടെ താരത്തിന് അവസരങ്ങൾ കുറഞ്ഞെങ്കിലും മികച്ച ഫോമിൽ കളിക്കുന്ന ടീമിൽ നിന്നും താരത്തെ ഒഴിവാക്കുന്നത് ചിലപ്പോൾ തിരിച്ചടി നൽകിയേക്കും. അതിനാൽ അടുത്ത സമ്മറിൽ താരത്തെ ഒഴിവാക്കാനാണ് സാധ്യത കൂടുതൽ.

You Might Also Like