പ്ലേ ഓഫ് എതിരാളികൾ ആരെന്നു തീരുമാനമായി, ബ്ലാസ്റ്റേഴ്‌സിന് അഗ്നിപരീക്ഷ

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ഹൈദരാബാദ് എഫ്‌സിയെ നേരിട്ടപ്പോൾ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ദുർബലരായ ഹൈദരാബാദ് എഫ്‌സിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത്.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അപ്രധാനമായ മത്സരത്തിന് ശേഷം പ്ലേ ഓഫിൽ എതിരാളികൾ ആരെന്നു തീരുമാനമായിട്ടുണ്ട്. സീസണിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്‌ എന്നതിനാൽ നാലാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. ഒഡിഷ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനേക്കാൾ മുന്നിലാണ് എന്നതിനാൽ അവരുടെ മൈതാനത്താണ് മത്സരം നടക്കുക.

ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് കളിക്കാനിറങ്ങുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി ആ ഗ്രൗണ്ടിൽ ഇതുവരെയുള്ള ടീമിന്റെ പ്രകടനമാണ്. ഒരിക്കൽപോലും ഒഡിഷയുടെ മൈതാനത്ത് വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല. പരിക്കിന്റെ പ്രശ്‌നങ്ങൾ കാരണം ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണെന്നത് ആരാധകർക്ക് ആശങ്ക നൽകുന്നു.

എന്നാൽ മത്സരത്തിൽ വിജയിച്ചാൽ അത് ചരിത്രം കുറിക്കലാകും. ഒഡിഷയുടെ മൈതാനത്ത് ആദ്യമായി വിജയിക്കുക എന്നതിനൊപ്പം ഒരുപാട് തിരിച്ചടികളുടെ ഇടയിൽ നേടുന്ന വലിയൊരു നേട്ടമായിരിക്കും. ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളും ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആത്മവിശ്വാസത്തോടെയുള്ള പൊരുതലും ടീമിന് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

You Might Also Like