ഡ്യൂറണ്ട് കപ്പിലെ കേരള ഡെർബി അടുത്തെത്തി, വിജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

പുതിയ സീസണിൽ പുതിയൊരു തുടക്കത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. കഴിഞ്ഞ സീസണിൽ തിരിച്ചടികൾ നേരിട്ട ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ അതിനു മാറ്റം വരുത്തുന്നതിന് വേണ്ടിയാണ് ഇറങ്ങുന്നത്. ഡ്യൂറണ്ട് കപ്പിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ കേരളത്തിലെ തന്നെ മറ്റൊരു പ്രധാന ക്ലബായ ഗോകുലം കേരളയാണെന്ന പ്രത്യേകതയുണ്ട്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ പുറത്തു പോവുകയായിരുന്നു. തോൽവി വഴങ്ങിയല്ല, മറിച്ച് മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിന്റെ ഭാഗമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയത്. അതിനെത്തുടർന്ന് വന്ന ഭീമമായ പിഴ ടീമിന്റെ ട്രാൻസ്‌ഫർ പദ്ധതികളെ ബാധിക്കുകയും ചെയ്തിരുന്നു.

പ്രതീക്ഷിച്ചതു പോലെയൊരു ടീമിനെ അണിനിരത്താൻ കഴിഞ്ഞില്ലെങ്കിലും വരുന്ന സീസണിൽ തങ്ങളിൽ പ്രതീക്ഷ വെക്കണമെന്ന് തെളിയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ച ഒരു അവസരമാണ് ഡ്യൂറണ്ട് കപ്പിലെ ആദ്യത്തെ മത്സരം. ഗ്രൂപ്പിൽ ഗോകുലത്തിനു പുറമെ ബെംഗളൂരു, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരാണ് എതിരാളികളായുള്ളത്. ആദ്യ മത്സരത്തിൽ എയർ ഫോഴ്‌സിനെ മൂന്നു ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം ഇറങ്ങുന്നത്.

സോണി ടെൻ സ്പോർട്ട്സ് ടുവിലാണ് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്. സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് സോണിലിവ് ആപ്പിലും സോണിലിവിന്റെ വെബ്‌സൈറ്റിലും മത്സരം കാണാൻ കഴിയും.അതേസമയം ജിയോ സിം ഉപയോഗിക്കുന്നവർക്ക് മത്സരം സൗജന്യമായി ജിയോ ടിവി വഴി കാണാൻ കഴിയും. എയർടെൽ, വിഐ എന്നീ സിമ്മുകളിൽ ചില റീചാർജുകളുടെ കൂടെ ഓഫറായി സോണി സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നുണ്ട് എന്നതിനാൽ അതും ആരാധകർക്ക് ഉപയോഗിക്കാം.

You Might Also Like