ബ്ലാസ്റ്റേഴ്‌സ് പണി തുടങ്ങി, ലെസ്‌കോവിച്ചിന് പകരക്കാരനെ കണ്ടെത്തി ക്ലബ് നേതൃത്വം

നിരാശയോടെ ഈ സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസൺ കഴിയുന്നതോടെ പല താരങ്ങളും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. അതിൽ പ്രധാനി മൂന്നു വർഷമായി ടീമിനൊപ്പമുള്ള മാർകോ ലെസ്‌കോവിച്ചാണ്. കരാർ അവസാനിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്‌സ് അത് പുതുക്കി നൽകില്ലെന്ന് വ്യക്തമായിട്ടുണ്ട്.

എന്തായാലും മാർകോ ലെസ്‌കോവിച്ചിന് പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ലീഗിൽ ബ്രിസ്‌ബേൻ റോറിനു വേണ്ടി കളിക്കുന്ന മുപ്പത്തിമൂന്നു വയസുകാരനായ ടോം ആൽഡ്രെഡിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഓസ്‌ട്രേലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ലീഷ് താരമായ ടോം 2019ലാണ് ഓസ്‌ട്രേലിയൻ ലീഗിലെത്തി ബ്രിസ്‌ബേൻ റോറിന്റെ താരമാകുന്നത്. അതിനു മുൻപ് ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകൾക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ചിരുന്ന ക്ലബായ വാട്ട്ഫോഡിന് വേണ്ടി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് താരമാണെങ്കിലും ബ്രിസ്‌ബേൻ റോറിനു വേണ്ടിയാണ് താരം കൂടുതൽ മത്സരം കളിച്ചിട്ടുള്ളത്.

ഈ സീസണോടെ ഓസ്‌ട്രേലിയൻ ക്ലബുമായുള്ള കരാർ അവസാനിക്കാൻ പോകുന്ന താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കാനുള്ള ശ്രമമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. എന്നാൽ താരത്തെ സ്വന്തമാക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ചെറിയൊരു വെല്ലുവിളിയുണ്ട്. ഓസ്‌ട്രേലിയയിൽ തന്നെയുള്ള മറ്റൊരു ക്ലബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സും ആൽഡ്രെഡിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്.

You Might Also Like