ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ട്രാൻസ്‌ഫർ മൂല്യം കുതിച്ചുയരുന്നു, ഇത് ക്ലബിന് അഭിമാനനേട്ടം

ട്രാൻസ്‌ഫർ മാർക്കറ്റിന്റെ ഏറ്റവും പുതിയ ട്രാൻസ്‌ഫർ അപ്‌ഡേറ്റ് പുറത്തു വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മൂല്യത്തിൽ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം മൂല്യം വർധിച്ച പത്ത് താരങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ അഞ്ചു പേരും ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്. ഇതിൽ രണ്ടു ബ്ലാസ്റ്റേഴ്‌സ് അക്കാദമി താരങ്ങളുമുണ്ടെന്നത് വലിയൊരു നേട്ടം തന്നെയാണ്.

ഏറ്റവുമധികം മൂല്യം വർധിച്ചത് ഗോവ താരമായ ജയ് ഗുപ്‌തയുടെയാണ്. താരത്തിന്റെ മൂല്യം 1.2 കോടി വർധിച്ചപ്പോൾ അതിനു തൊട്ടു പിന്നിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പറായ സച്ചിൻ സുരേഷ് നിൽക്കുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി മിന്നുന്ന പ്രകടനം നടത്തുന്ന താരത്തിന്റെ മൂല്യം ഒരു കോടി രൂപ വർധിച്ച് ഒരു കോടി ഇരുപതു ലക്ഷമായി മാറിയിട്ടുണ്ട്.

സച്ചിൻ സുരേഷിന് തൊട്ടു പിന്നിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോണ്ടിനെഗ്രോ ഡിഫൻഡർ മീലൊസ് ഡ്രിഞ്ചിച്ച് ഉണ്ട്. താരത്തിന്റെ മൂല്യവും ഒരു കോടി രൂപ വർധിച്ച് 2.8 കോടി രൂപയായി ഉയർന്നു. ഇതിനു പുറമെ അയ്‌മൻ ദിമിത്രിയോസ് എന്നിവരുടെ മൂല്യം എൺപതു ലക്ഷം വെച്ച് ഉയർന്നിട്ടുണ്ട്. ഒരു കോടി രൂപയും 4.8 കോടി രൂപയുമാണ് യഥാക്രമം ഇവരുടെ നിലവിലെ മൂല്യം.

ആദ്യ പത്തിലെത്തിയ മറ്റൊരു താരം ജാപ്പനീസ് ഫോർവേഡ് ഡൈസുകെയാണ്. താരത്തിന്റെ മൂല്യം അറുപതു ലക്ഷം വർധിച്ച് 2.2 കോടിയായി ഉയർന്നു. നേട്ടമുണ്ടാക്കിയ മറ്റൊരു താരം മലയാളിയായ വിബിൻ മോഹനനാണ്. നാൽപതു ലക്ഷം മൂല്യം ഉയർന്ന വിബിന്റെ നിലവിലെ മൂല്യം 1.8 കോടി രൂപയാണ്. ആദ്യ ഇരുപത് പേരുടെ ലിസ്റ്റിൽ ആറു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടം നേടിയിട്ടുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഏറ്റവും അഭിമാനിക്കാൻ കഴിയുന്ന നേട്ടം മൂല്യം ഉയർന്ന താരങ്ങളിൽ പതിനഞ്ചു പേരുടെ ലിസ്റ്റ് എടുത്താൽ അതിൽ മൂന്ന് അക്കാദമി താരങ്ങളുണ്ടെന്നതാണ്. സച്ചിൻ, അയ്‌മൻ, വിബിൻ എന്നിവരാണ് ഈ മൂന്നു താരങ്ങൾ. ഇത് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ മികച്ച അക്കാദമികളിൽ ഒന്നായി കേരള ബ്ലാസ്റ്റേഴ്‌സിനെ മാറ്റുന്നു.

You Might Also Like