ജാപ്പനീസ് സമുറായ് അടുത്ത സീസണിലുണ്ടാകില്ല, ഡൈസുകെ ബ്ലാസ്റ്റേഴ്‌സിൽ നിന്നും പുറത്തേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിനു മുന്നോടിയായി ടീമിലെത്തിച്ച ജാപ്പനീസ് താരമായ ഡൈസുകെ സകായി അടുത്ത സീസണിൽ ടീമിനൊപ്പം ഉണ്ടാകില്ലെന്നു റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ താരമായ ജോഷുവ സോട്ടിരിയോ സീസണിന് മുൻപേ തന്നെ പരിക്കേറ്റു പുറത്തായപ്പോൾ പകരക്കാരനായാണ് ഡൈസുകെ സകായിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

മുന്നേറ്റനിരയിലും മധ്യനിരയിലും കളിക്കാൻ കഴിയുന്ന താരം ഭേദപ്പെട്ട പ്രകടനമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. പതിനേഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. അതിൽ എഫ്‌സി ഗോവക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചു വരവിനു തുടക്കമിട്ട തകർപ്പൻ ഫ്രീകിക്ക് ഗോളും ഉൾപ്പെടുന്നു.

ഇവനാശാന്റെ പദ്ധതികളിൽ കുറച്ചുകൂടി പിൻവലിഞ്ഞു കളിക്കേണ്ടി വന്നത് ഡൈസുകെയുടെ മുഴുവൻ മികവും പുറത്തെടുക്കുന്നതിനു തടസമായിട്ടുണ്ടെങ്കിലും ടീമിനായി സാധ്യമായതെല്ലാം താരം നൽകിയിട്ടുണ്ട്. ജോഷുവ പരിക്കിൽ നിന്നും മുക്തനാകുന്നതും അടുത്ത സീസണിലേക്കായി നോവ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതുമെല്ലാം ഡൈസുകെയുടെ ഭാവിയെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തിണങ്ങിയ ഡൈസുകെ ബ്ലാസ്റ്റേഴ്‌സ് വിടുകയാണെങ്കിൽ എവിടേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ തീരുമാനമൊന്നും ആയിട്ടില്ല. അതേസമയം ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ നിന്നും ഓഫർ വന്നാൽ താരം അത് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐഎസ്എല്ലിൽ പരിചയമുള്ളതിനാൽ തന്നെ താരത്തിന് ഓഫറുകൾ വരാനുള്ള സാധ്യതയുണ്ട്.

You Might Also Like