പെപ്രക്ക് പകരം ഇവനെ നിലനിർത്താമായിരുന്നു, ബ്ലാസ്റ്റേഴ്‌സ് ലോണിൽ വിട്ട താരത്തിന്റെ ഗംഭീര പ്രകടനം

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആറു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങുന്ന താരമാണ് ക്വമാ പെപ്ര. സീസൺ ആരംഭിക്കുന്നതിനു തൊട്ടു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ഇതുവരെ ഒരു ഗോൾ പോലും ടീമിനായി നേടിയിട്ടില്ല. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ പ്രസ് ചെയ്‌തു കളിക്കുന്നുണ്ടെങ്കിലും ഒരു പ്രധാന സ്‌ട്രൈക്കർ എന്ന നിലയിൽ ഗോളുകളൊന്നും നേടാൻ കഴിയുന്നില്ലെന്നത് ആരാധകർക്ക് നിരാശയാണ്.

അതേസമയം പെപ്ര വന്നതോടെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയ കളിക്കാരനാണ് നൈജീരിയൻ സ്‌ട്രൈക്കർ ഇമ്മാനുവൽ ജസ്റ്റിൻ. ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഡ്യൂറൻഡ് കപ്പിൽ കളിച്ച താരം ബെംഗളൂരു എഫ്‌സിക്കെതിരെ ഒരു ഗോൾ നേടിയിരുന്നു. എന്നാൽ ഡ്യൂറൻഡ് കപ്പ് കഴിഞ്ഞപ്പോൾ ഗോകുലം കേരളയിലേക്ക് ലോണിൽ പോവുകയാണ് ജസ്റ്റിൻ ചെയ്‌തത്‌. വിദേശതാരങ്ങളുടെ എണ്ണം കൂടുതലാകുമെന്നതു കൊണ്ടാണ് താരത്തെ ബ്ലാസ്റ്റേഴ്‌സിന് ലോണിൽ വിടേണ്ടി വന്നതെന്ന കാര്യത്തിൽ സംശയമില്ല.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് കാണിച്ചത് ഒരു മണ്ടത്തരമാണെന്നാണ് ആരാധകർ പറയുന്നത്. ഗോകുലം കേരളക്കായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം ഇന്നലെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്‌തു. എഴുപത്തിരണ്ടാം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയാണ് ഇമ്മാനുവൽ ഈ പ്രകടനം നടത്തിയത്. മത്സരത്തിൽ ഗോകുലം കേരള ഒന്നിനെതിരെ നാല് ഗോളുകൾക്ക് നെറോക്ക എഫ്‌സിക്കെതിരെ വിജയവും നേടിയിരുന്നു.

ജസ്റ്റിൻ നടത്തുന്ന ഈ പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയൊരു നിരാശ നൽകുന്നുണ്ടെങ്കിലും മറ്റൊരു തരത്തിൽ അത് സന്തോഷവും നൽകുന്നതാണ്. നിലവിൽ ഇരുപതു വയസ് മാത്രം പ്രായമുള്ള താരത്തിന് കൂടുതൽ മികച്ചതാക്കാൻ ഐ ലീഗ് അവസരമൊരുക്കും ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും എന്നതിനാൽ ഐ ലീഗിൽ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത സീസണിൽ പരിചയസമ്പത്ത് വർധിച്ച ഒരു വിദേശസ്‌ട്രൈക്കറെ ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും.

You Might Also Like