തിരിച്ചടികളുടെ ഇടയിലും അവസാനം വരെ പൊരുതി, ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നത് തലയുയർത്തിപ്പിടിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണും കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശപ്പെടുത്തുന്നതായി. ഇന്നലെ നടന്ന പ്ലേ ഓഫിൽ ഒഡിഷയുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. എൺപത്തിയാറാം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ തോൽവി വഴങ്ങിയത്.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും മികച്ച പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലും തിരിച്ചടികൾ ഏറെയായിരുന്നു. നിരവധി താരങ്ങളുടെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയതെങ്കിലും അതൊന്നും പ്ലേ ഓഫിലെ പ്രകടനത്തെ ബാധിച്ചില്ല.

മത്സരത്തിൽ തുടക്കത്തിൽ ഒഡിഷ എഫ്‌സിക്കായിരുന്നു മുൻതൂക്കമെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്‌സ് മികച്ചു നിന്നു. രണ്ടാം പകുതിയിൽ ലഭിച്ച രണ്ടവസരങ്ങൾ തുലച്ചു കളഞ്ഞത് ടീമിന് തിരിച്ചടിയായി. അതിനു പിന്നാലെയാണ് ഫെഡോർ ചെർണിച്ച് ടീമിനു വേണ്ടി ഗോൾ സ്വന്തമാക്കിയത്. എൺപത്തിയാറാം മിനുട്ട് വരെയും ബ്ലാസ്റ്റേഴ്‌സ് ആ ഗോളിൽ പിടിച്ചു നിന്നെങ്കിലും അതിനു ശേഷം ഒഡിഷ എഫ്‌സി സമനില ഗോൾ നേടി.

എക്‌സ്ട്രാ ടൈമിലും ബ്ലാസ്റ്റേഴ്‌സ് മികച്ച അവസരങ്ങൾ തുറന്നെടുത്തിരുന്നു. എന്നാൽ അതൊന്നും മുതലാക്കാൻ ടീമിന് കഴിഞ്ഞില്ല. ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസിന്റെ അഭാവം, മികച്ച പ്രകടനം നടത്തിയ ഗോൾകീപ്പർ ലാറ ശർമ പരിക്കേറ്റു പിൻവാങ്ങിയത്, നവോച്ച സിങ്ങിന്റെ സസ്‌പെൻഷൻ കാരണം ഒരു പ്രോപ്പർ ലെഫ്റ്റ് ബാക്ക് ഇല്ലാതിരുന്നതെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചു.

ഈ തിരിച്ചടികളുടെ ഇടയിലെല്ലാം ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നത് ഒരു പോസിറ്റിവാണ്. പ്ലേ ഓഫ് മത്സരത്തിൽ പുറത്തെടുക്കേണ്ട പോരാട്ടവീര്യം ബ്ലാസ്റ്റേഴ്‌സ് കാണിച്ചു. അതിനു വേണ്ടി മികച്ച രീതിയിലുള്ള ഒരുക്കങ്ങളും ഇവാൻ വുകോമനോവിച്ച് നടത്തി. തോൽവിയേറ്റു വാങ്ങി പുറത്തു പോകുമ്പോഴും പ്രതിസന്ധികളുടെ ഇടയിൽ പുറത്തെടുത്ത പോരാട്ടവീര്യം അഭിനന്ദനാർഹം തന്നെയാണ്.

You Might Also Like