റയലിനെതിരെ ഗോളടിക്കാൻ കഴിയാതെ ഹാലൻഡ്, മൂന്നാം മിനുട്ടിൽ വല കുലുക്കി അൽവാരസ്

ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണെങ്കിലും റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരങ്ങളിൽ ഹാലാൻഡ് ഒരു ഗോൾ പോലും നേടിയില്ല. ആദ്യപാദ മത്സരത്തിൽ റുഡിഗാർ ഇടംവലം തിരിയാൻ സമ്മതിക്കാതെ പൂട്ടിയതിനാൽ നിഷ്പ്രഭനായ താരം രണ്ടാംപാദത്തിലാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം നടത്തിയത്.

ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ ആദ്യപാദത്തിലേതു പോലെ പൂർണമായും താരം നിഷ്പ്രഭനായിരുന്നില്ല. മൂന്നു തവണ നോർവീജിയൻ താരം ഗോളിനടുത്ത് എത്തിയിരുന്നു. എന്നാൽ മൂന്നു തവണയും മികച്ച സേവുകൾ നടത്തി റയൽ മാഡ്രിഡ് ഗോൾകീപ്പർ ഹാളണ്ടിനെ തടുത്തു. മൂന്നാമത്തെ വൺ ഓൺ വൺ അവസരത്തിന് ശേഷം താരം വളരെ നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു.

അതേസമയം ഹാലാൻഡിന്റെ ബാക്കപ്പ് സ്‌ട്രൈക്കറായി കളിക്കുന്ന അർജന്റീന താരം ജൂലിയൻ അൽവാരസിനു റയൽ മാഡ്രിഡിനെതിരെ ഗോൾ നേടാൻ വെറും മൂന്നു മിനുട്ട് മാത്രമേ വേണ്ടി വന്നുള്ളൂ. ആദ്യപാദത്തിൽ ഇറങ്ങാതിരുന്ന താരം രണ്ടാംപാദത്തിൽ എൺപത്തിയെട്ടാം മിനുട്ടിലാണ് ഇറങ്ങിയത്. മൂന്നു മിനിറ്റിനകം ഫോഡന്റെ പാസ് പിടിച്ചെടുത്ത് താരം ക്വാർട്ടുവയെ കീഴടക്കി. വെറുമൊരു ബാക്കപ്പ് സ്‌ട്രൈക്കറാല്ലെന്ന് തെളിയിച്ചതാണ് താരം ഗോൾ നേടിയത്.

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി അവിസ്‌മരണീയമായ പ്രകടനം നടത്തിയ താരമാണ് അൽവാരസ്. ലയണൽ മെസി കഴിഞ്ഞാൽ അർജന്റീനക്കായി ഖത്തറിൽ ഏറ്റവുമധികം ഗോൾ നേടിയ താരം ക്ലബ് തലത്തിലും അവസരം ലഭിക്കുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഈ സീസണിൽ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ മാത്രം സ്റ്റാർട്ട് ചെയ്‌ത താരം മൂന്നു ഗോളുകളും പ്രീമിയർ ലീഗിൽ എട്ടു ഗോളുകളും അൽവാരസ് നേടിയിട്ടുണ്ട്.

You Might Also Like